ബന്ധു നിയമനം; മന്ത്രി ജയരാജന്റെ സ്ഥാനം തെറിപ്പിക്കാന്‍ സിപിഎം
കണ്ണൂര്‍: അടുത്ത ബന്ധുക്കളെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ച മന്ത്രി ഇ പി ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന് സൂചന. ജയരാജനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കടുത്ത നടപടിയെടുക്കാന്‍ ആലോചിക്കുന്നത്. ജയരാജന്റെത് അഴിമതിയാണെന്ന് പാര്‍ട്ടി അണികള്‍തന്നെ ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ബന്ധു നിയമനത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇപ്പോഴുണ്ടായ വിവാദം ഗൗരവതരമായാണ് പാര്‍ട്ടി കണക്കിലെടുക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജയരാജന്റെ ബന്ധുകൂടിയായ ശ്രീമതി ടീച്ചറുടെ മകനെ ഉന്നത സ്ഥാനത്ത് നിയമിച്ചത് വിവാദമായയുടന്‍ റദ്ദാക്കിയിരുന്നു.

എന്നാല്‍, ഇ.പി.ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ മോറാഴ ലോക്കല്‍ കമ്മിറ്റി പ്രതിഷേധത്തിലാണ്. ദീപ്തിയെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
പാര്‍ട്ടി പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ദീപ്തി ബെംഗളുരുവില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ ബികോം യോഗ്യത മാത്രമുള്ള ദീപ്തിയെ പിന്‍വാതിലിലൂടെ നിയമിച്ചത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചെന്നും പരാതിയുണ്ട്. തുടക്കത്തില്‍ ജയരാജനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാരിന്റെ സദ്ഭരണത്തിന് ജയരാജനെ മാറ്റണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.












Click it and Unblock the Notifications