കെ റെയില്‍ വിരുദ്ധ സമരങ്ങളെ ചെറുക്കാന്‍ തയ്യാറായി സിപിഎം
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം കെ റെയിലിനെതിരെ നടക്കുന്ന വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറെടുത്ത് സിപിഎം. പ്രശ്‌നബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഗൃഹസന്ദര്‍ശനവും സിപിഎം സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് ഏപ്രില്‍ 19ന് മുഖ്യമന്ത്രിയുടെ യോഗം നടക്കും. അതേ സമയം അടുത്ത ആഴ്ച സിപിഎം നേതൃയോഗം ചേരുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്നീ പദവികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിപിഎം പ്രധാനമായും ലക്ഷ്യം വക്കുന്നത് കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കുകയെന്നതാണ്. പലപ്പോഴും സമരങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയമായതിനാല്‍ പരമാവധി വിവാദങ്ങള്‍ ഒഴിവാക്കുക എന്നതായിരുന്നു സിപിഎം ലക്ഷ്യം വച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ മാത്രമാണ് കെ റെയില്‍ പദ്ധതിക്ക് അനുകൂലമായ പ്രചാരണം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചെങ്ങന്നൂരിലുണ്ടായ അനുകൂല പ്രചാരണം കേരളത്തില്‍ പ്രചരിപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
ഭരണകക്ഷികളെയും ഒപ്പം കൂട്ടി എല്‍ഡിഎഫ് എന്ന നിലയിലാകും യോഗങ്ങള്‍ സംഘടിപ്പിക്കുക. അതേ സമയം സിപിഐയില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിസാണ് പദ്ധതിക്ക് വേണ്ട് എല്‍ഡിഎഫ് മുന്നോട്ട് ഇറങ്ങാനുള്ള തീരുമാനം തത്വത്തില്‍ എടുക്കുന്നത്. വേളി മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തും. ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവുമാകും ഈ സമയം ആളുകളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുക.

സിപിഎം നേതൃയോഗം വരുന്ന തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് ചേരുന്നത്. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ എടുക്കാന്‍ പോകുന്ന പ്രചരണ തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎം പൊളിറ്റ്ബ്യൂറോയിലെക്ക് തെരഞ്ഞെടുക്കപ്പെട്ട് എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പദവി ഒഴിയും. എ വിജയരാഘവന് ഡല്‍ഹിയിലെ ചുമതലകള്‍ ഉള്ളതിനാല്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ.പി.ജയരാജന്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകളില്‍ എ കെ ബാലന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാരിസ്ഥിതികാഘാത പഠനത്തില്‍ എന്തെങ്കിലും തരത്തിലുളള പ്രശ്‌നം കണ്ടെത്തിയാല്‍ അത് പരിഹിരിക്കുമെന്നും പിന്നെ എന്തിനാണ് ഈ ഗോ ബാക്ക് വിളികളെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ നിലപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന് തന്നെ ആണ്. പിന്നെ എന്തിന് വേണ്ടി ആണ് ഇവിടെ ഗോ ഗോ വിളികള്‍ ?.
കേന്ദ്ര സര്‍ക്കാരിന് എതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തിലെ പല വികസന പ്രവര്‍ത്തനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിഷേധാത്മക നിലപാട് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് വേണ്ടി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ ആരും കേരളത്തില്‍ വഴിയാധാരം ആകില്ലെന്നും ഈ ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മാറണം എങ്കില്‍ ഇവിടെ വന്‍കിട വികസന പദ്ധതികള്‍ ഉണ്ടാകണം എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
കേരളത്തില്‍ ഒരു വികസന പദ്ധതിയും നടക്കരുത് എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച് നില്‍ക്കേണ്ടവരല്ല മലയാളികള്‍. നല്ല നാളെയ്ക്ക് വേണ്ടി ആണ് ഈ കേരളം മുന്നോട്ട് പോകുന്നത്. ചിലര്‍ പദ്ധതികളെ എതിര്‍ക്കുന്നു. എന്നാല്‍, ഈ കാരണത്താല്‍ നാടിന് ആവശ്യം ആയ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സില്‍വര്‍ ലൈന്‍ സര്‍വ്വേ നടത്തുന്നത് ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്.

കെ റെയില്‍ സാമൂഹികാഘാത സര്‍വെക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സര്‍വെയില്‍ എന്താണ് തെറ്റെന്നും, സര്‍വെയെയും കല്ലിടലിനെയും വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കൂടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സര്‍വെ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്നായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്തനുള്ള ശ്രമമല്ലേ ഹര്‍ജിക്കാരുടേതെന്നും ജസ്റ്റിസ് എം ആര്‍ ഷാ ആരാഞ്ഞു ചോദിച്ചു. ഭൂമി ഏറ്റെടുക്കലില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ നിരീക്ഷിച്ചു

സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കായി ഭൂമിയില്‍ കല്ലിട്ടതിന്റെ പേരില്‍ സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഈ ആളുകള്‍ക്ക് വായ്പ നല്‍കുന്നതിലൂടെ ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാകില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ ബാങ്കിന്റെ വായ്പകള്‍ കൂടി തീര്‍ത്ത ശേഷമാകും നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. അതിനാല്‍ ഈ സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വായ്പ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെ പേരില്‍ ആരെയും തെരുവില്‍ ഇറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പദ്ധതിയുമായും സര്‍ക്കാരുമായി സഹകരിക്കുന്നവരെ ചേര്‍ത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് വെറും വാക്ക് പറയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ കാണുന്ന അനുഭവം ഇത് വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലം വിട്ടുനല്‍കി വികസനപദ്ധതികളുമായി സഹകരിക്കുന്നവരെ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications