കോൺഗ്രസുമായി ചേർന്ന് മത്സരിച്ചാലും സിപിഎമ്മിന് ബിജെപിയെ തകർക്കാനാവില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സർക്കാരിനെ തകർക്കണം എന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി ജെ പി സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
സി പി എം പാർട്ടി കോൺഗ്രസ് പറയുന്നത് മുഖ്യ ശത്രു ബി ജെ പിയാണെന്നാണ്. എന്നാൽ ബംഗാളിലെ അണികളെ പോലും സി പി എമ്മിന് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല. മമത ബാനർജിയുടെ ഗുണ്ടകളിൽ നിന്നും രക്ഷപ്പെടാൻ അവർ എത്തുന്നത് ബി ജെ പി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബി ജെ പി മാറി കഴിഞ്ഞു. 301 സീറ്റുകളുമായി ലോക്സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാർട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.

18 സംസ്ഥാനങ്ങളിൽ ബി ജെ പി സഖ്യമാണ് ഭരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഴുവൻ അടക്കി ഭരിച്ച കോൺഗ്രസ് ഇന്ന് തകർന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാർട്ടികൾ ഇന്ന് കേരളത്തിൽ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയർത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ബി ജെ പിയാണ് മുഖ്യ ശത്രു എന്ന സിപിഎം നിലപാടിൽ അഭിമാനമാണെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചത്. ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന, വിശ്വാസങ്ങളെ അവഹേളിക്കുന്ന പാർട്ടിയാണ് സി.പി.എം. ദേശീയതയെ അപമാനിക്കുന്ന സിപിഎമ്മിന്റെ ഗുണ്ടായിസത്തെ നേരിടാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും മുരളീധരൻ പറഞ്ഞിരുന്നു.
ദേശീയ തലത്തിൽ ആർ എസ് എസ് പിന്തുണക്കുന്ന ബി ജെ പിയാണ് മുഖ്യശത്രുവെന്നാണ് സി പി എം സംഘടന റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ബി ജെ പി 8 വർഷം ഭരിച്ചിട്ടും ആർ എസ് എസ് ഉയർത്തുന്ന ഭീഷണിയും അവർക്ക് ജനങ്ങൾക്കിടയിൽ വർധിച്ച് വരുന്ന സ്വാധീനവുമം മനസിലാക്കാൻ പാർട്ടിക്കാർക്ക് സാധിക്കുന്നില്ലെന്നും സംഘടന റിപ്പോർട്ടിൽ വിമർശനം ഉയർന്നിട്ടുണ്ട്. മാത്രമല്ല ബി ജെ പി ശക്തമല്ലാത്ത സംസ്ഥാനങ്ങളിൽ പാർട്ടിക്കാർ ഭരണകക്ഷിയെ മുഖ്യ എതിരാളിയായി കാണുകയും ബി ജെ പിയുടെ ഭീഷണി കുറച്ച് കാട്ടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.












Click it and Unblock the Notifications