ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എന്‍എം വിജയന്റെ കടബാധ്യത സിപിഎം ഏറ്റെടുക്കും: എംവി ഗോവിന്ദന്‍
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡി സി സി ട്രഷറർ എന്‍ എം വിജയന്റെ കടബാധ്യത സി പി എം ഏറ്റെടുക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് കാരണമുണ്ടായ ബാധ്യത ഏറ്റെടുക്കാന്‍ കെ പി സി സി തയ്യാറായില്ലെങ്കില്‍ ഏത് സി പി എം ഏറ്റെടുത്ത് വീട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയന്റെ കുടുംബത്തിന് അല്ല, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് അന്തവും കുന്തവും ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. എന്‍ എം വിജയന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുടുംബത്തിന് സി പി എമ്മിന്റെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ആത്മഹത്യ ചെയ്ത വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന് സി പി എമ്മിന്റെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകി. ഡി സി സി ട്രഷറർ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ മുൻ ഡി സി സി പ്രസിഡന്റും ഇപ്പോൾ എം എൽ എയുമായ ഐ സി ബാലകൃഷ്ണന്റെയും ഇപ്പോഴത്തെ ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുണ്ട്. ഈ നേതാക്കൾ തട്ടിയെടുത്ത പണത്തിന്റെയും പാർടിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വന്ന ലക്ഷങ്ങളുടെയും ബാധ്യതയുള്ളതിനാലാണ് ജില്ലാ ട്രഷറർക്കും മകനും ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നാണ് പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നത്.' എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് നിയമനങ്ങൾക്കായി കോഴവാങ്ങിയത് ഐ സി ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് എന്നാണ് വെളിപ്പെടുന്നത്. പാർടി തലയിൽ കെട്ടിയേൽപ്പിച്ച ബാധ്യത തീർക്കാൻ വഴി കാണാതെയാണ് ജീവനൊടുക്കിയതെന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഈ പശ്ചാത്തലത്തിൽ ഐ സി ബാലകൃഷ്‌ണൻ എം എൽ എ സ്ഥാനം രാജിവയ്‌ക്കണം.
രണ്ട് വ്യക്തികളെ മരണത്തിലേക്ക് നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കെ പി സി സിയും യു ഡി എഫും എന്തേ നടപടിയെടുക്കാത്തത്. മാധ്യമങ്ങൾ ഇതേക്കുറിച്ച് മൗനം പാലിക്കുന്നത് കൊലയാളികൾക്കുള്ള പിന്തുണയാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications