കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍എസ്എസ് എന്ന് ആരോപണം
കൂത്തുപറമ്പ്: ആറങ്ങാട്ടേരിയിലെ സിപിഎം ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ കൈതേരി മേഖല വൈസ്പ്രസിഡന്റുമായ കണക്കാരി ചാലില്‍ എം അനൂപിന്(32) വെട്ടേറ്റു. ആര്‍എസ്എസ് കേന്ദ്രമായ തൊക്കിലങ്ങാടി പാലാഴിവളവില്‍വെച്ച് തിങ്കളാഴ്ച വൈകിട്ട് അഞ്ച്മണിയോടെയാണ് ഒരുസംഘം അനൂപിനെ വെട്ടിയത്.
ഗുരുതരപരിക്കോടെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ത്രണ്ടോളം വരുന്ന സായുധ ആര്‍എസ്എസ് സംഘമാണ് അനൂപിനെ ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. കൂത്തുപറമ്പ് ടൗണില്‍ ഓട്ടോ ഡ്രൈവറായ അനൂപ് യാത്രക്കാരുമായി ചിറ്റാരിപ്പറമ്പ് ഭാഗത്തേക്ക് പോവുമ്പോഴായിരുന്നു സംഭവം.

യാത്രക്കാരായ മൂന്നുപേരും ഓടിരക്ഷപ്പെട്ടു. പതിയിരിക്കുകയായിരുന്ന സംഘം ചാടിവീഴുകയും വടിവാളും ആണിപിടിപ്പിച്ച സ്റ്റീല്‍പൈപ്പും കൊണ്ടും ശരീരമാസകലം കുത്തിയും വെട്ടിയും ആക്രമിക്കുകയുമായിരുന്നു. അനൂപിന്റെ തലക്കും കൈകാലുകള്‍ക്കും മാരകമായ പരിക്കുകളേറ്റു. സഹകരണ ആശുപത്രിയില്‍ അനൂപിനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.
പ്രദേശത്ത് ആര്‍എസ്എസ് ആക്രമണം പതിവാകുകയാണെന്ന് സിപിഎം ആരോപിക്കുന്നു. ഞായറാഴ്ച രാത്രി ആറങ്ങാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ സജീവനെ ഒരു സംഘം ആക്രമിച്ചുപരിക്കേല്‍പിച്ചിരുന്നു. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications