ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കോച്ചിന് 16 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ ക്രിക്കറ്റ് പരിശീലകന് 16 വര്‍ഷം കഠിനതടവും 24,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ മനു എം (40) എന്നയാളെയാണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ പരിശീലനത്തിനായി എത്തിയത്. തുടര്‍ന്ന് കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ബിസിസിഐക്കും കെസിഎക്കും നല്‍കാനായി ശരീരഘടന മനസ്സിലാക്കാനെന്ന വ്യാജേനയാണ് പ്രതി നഗ്നചിത്രങ്ങളെടുത്തത്. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ നിരന്തരം ചൂഷണം ചെയ്തു.

പ്രതിയുടെ പീഡനങ്ങള്‍ക്ക് വഴങ്ങാതിരുന്നതോടെ കുട്ടിക്ക് ശരിയായ പരിശീലനം നല്‍കാതായി. ക്രിക്കറ്റ് കരിയര്‍ തകര്‍ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. 2021ല്‍ കുട്ടി ഈ കേന്ദ്രം വിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറി. ഈ പെണ്‍കുട്ടിക്ക് പുറമെ കോച്ചിങ്ങിനെത്തിയ മറ്റ് അഞ്ച് കുട്ടികളെയും ഇയാള്‍ സമാനമായ രീതിയില്‍ പീഡിപ്പിച്ചിരുന്നു. അവരും പിന്നീട് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറി.
2024ല്‍ തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അതിജീവിതയായ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയായ മനുവിനെ വീണ്ടും കണ്ടത്. ഭയന്ന കുട്ടി ടൂര്‍ണമെന്റ് വേദിയില്‍ വെച്ച് വലിയ രീതിയില്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്.
ഏഴാം ക്ലാസുകാരി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കോച്ചിങ്ങിനെത്തിയ മറ്റ് അഞ്ച് കുട്ടികളും പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഇതോടെ ഇയാള്‍ക്കെതിരെ കന്‍ോണ്‍മെന്റ് പോലീസ് ആറ് പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായി. വൈകാതെ വിധി വരും.
ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത കുട്ടികളെ പരിശീലനത്തില്‍ നിന്ന് ഒഴിവാക്കുകയോ ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുക ഇയാളുടെ പതിവായിരുന്നു.
പ്രതിക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ ഇയാള്‍ക്ക് കീഴില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളെ പോലീസ് പിന്നീട് കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. വിവിധ വകുപ്പുകളില്‍ 16 വര്‍ഷം തടവാണ് ശിക്ഷ എങ്കിലും 5 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം അധികമായി തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി.















Click it and Unblock the Notifications