'സുധാകരനെതിരെ പോക്‌സോ കേസില്‍ മൊഴിയില്ല, വിളിപ്പിച്ചത് തട്ടിപ്പ് കേസില്‍'; ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ പി സി സി അധ്യക്ഷന്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തള്ളി ക്രൈം ബ്രാഞ്ച്. പോക്‌സോ കേസില്‍ സുധാകരനെ ചോദ്യം ചെയ്യുമെന്ന ആരോപണം തള്ളിയാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ രംഗത്തെത്തിയത്.
കെ സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് തട്ടിപ്പ് കേസില്‍ മാത്രമാണെന്ന് ക്രൈം ബ്രാഞ്ച് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. സുധാകരനെതിരെ അതിജീവിതയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ളൊരു മൊഴിയില്ല. എല്ലാ ആരോപണങ്ങളിലും ചോദ്യം ചെയ്യലില്‍ വ്യക്തത വരുത്തും. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയും കെ സുധാകരന്‍ രണ്ടാം പ്രതിയുമായ തട്ടിപ്പ് കേസിലാണ് സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

പോക്‌സോ കേസില്‍ വിധി വന്നതിന് പിന്നാലെ കെ സുധാകരനെതിരെ ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ച് വിശദീകരണം നല്‍കിയത്. സി പി എം മുഖപത്രമായ ദേശാഭിമാനിയെ ഉദ്ധരിച്ചാണ് എം വി ഗോവിന്ദന്‍ സുധാകരനെതിരെ ആരോപണം ഉന്നയിച്ചത്. 164ാം വകുപ്പ് പ്രകാരം പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി സി പി എം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
മോന്‍സന്‍ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരനും വീട്ടിലുണ്ടായിരുന്നുവെന്ന് അതിജീവിതയായ പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് എം വി ഗോവിന്ദന്‍ ആരോപിച്ചത്. മാധ്യമ വാര്‍ത്തകളെയും ക്രൈം ബ്രാഞ്ചിനെയും ഉദ്ധരിച്ചാണ് താന്‍ ഇത്തരമൊരു കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിക്കുന്ന സമയത്ത് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വീട്ടില്‍ ഉണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ മൊഴി. വിവരമറിഞ്ഞിട്ടും സഹായിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇതോടെ മോന്‍സണ്‍ ഒന്നാംപ്രതിയായ വഞ്ചനക്കേസില്‍ രണ്ടാംപ്രതിയായ കെ സുധാകരനെ പോക്സോ കേസിലും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം'- ഇങ്ങനെയാണ് ദേശാഭിമാനിയിലെ വാര്‍ത്ത.
കഴിഞ്ഞ ദിവസമാണ് മോന്‍സനെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി പുറത്തുവന്നത്. പഠിക്കാന്‍ സഹായിക്കാമെന്നും പഠത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മോന്‍സന്റെ മാനേജരായ ജോഷിയാണ് കേസില്‍ ഒന്നാം പ്രതി. മോന്‍സന്‍ രണ്ടാം പ്രതിയാണ്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി വൈ ആര്‍ റസ്റ്റമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
2019ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കലൂരിലെ വീട്ടില്‍ വച്ച് ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പുരാവസ്തു കേസ് പുറത്തായതിന് പിന്നാലെയാണ് പീഡന പരാതി ഉയര്‍ന്നത്. ഈ കേസില്‍ നേരത്തെ ജാമ്യം തേടി മോന്‍സന്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.












Click it and Unblock the Notifications