ഡിസിസി ട്രഷറർ എന്‍എം വിജയന്റെ മരണം: 3 വഞ്ചന കേസുകളുടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്
കല്‍പ്പറ്റ: പ്രമുഖ കോണ്‍ഗ്രസ് നേതാവും വയനാട് ഡി സി സി ട്രഷററുമായ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മൂന്ന് വഞ്ചാന കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് ഉടന്‍ പുറത്തിറക്കും. ബത്തേരി ഡി വൈ എസ് പി നടത്തുന്ന അന്വേഷണവും വിജിലൻസ് അന്വേഷണവും തുടരുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. പൊലീസ് നല്‍കിയ ശുപാർശയെ തുടർന്നാണ് സർക്കാറിന്റെ നടപടി.
പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. എന്‍ എം വിജയന്റെ ആത്മഹത്യക്കുറിന്റെ പശ്ചാത്തലത്തിലെടുത്ത ആത്മഹത്യാ പ്രേരണക്കുറ്റക്കേസില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, വയനാട് ഡി സി സി അധ്യക്ഷന്‍ എന്‍ അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരാണ് പ്രതികള്‍. ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമർശം സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്ന നിഗമനത്തിലാണ് പൊലീസ്.

അതേസമയം, ഡി സി സി ട്രഷറർ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയും കേസിലെ പ്രതിയുമായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക , പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സി പി എം പ്രതിഷേധം കൂടുതല്‍ ശക്തമാക്കുകയാണ്.
പ്രതിഷേധങ്ങളുടെ ഭാഗമായി സി പി എം നേതൃത്വത്തിൽ ജനുവരി 28 ന് ബത്തേരിയിൽ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി വയാനാട്ടിലെത്തി എൻ എം വിജയന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. കുടുംബത്തിന് പാർട്ടിയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പ് നൽകി. ഡി സി സി ട്രഷറർ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ മുൻ ഡി സി സി പ്രസിഡന്റും ഇപ്പോൾ എം എൽ എയുമായ ഐ സി ബാലകൃഷ്ണന്റെയും ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുണ്ട്. ഈ നേതാക്കൾ തട്ടിയെടുത്ത പണത്തിന്റെയും പാർടിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വന്ന ലക്ഷങ്ങളുടെയും ബാധ്യതയുള്ളതിനാലാണ് ജില്ലാ ട്രഷറർക്കും മകനും ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നാണ് പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications