പ്രതികരിക്കാതെ ദിലീപ് മടങ്ങി, ഇതുവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് 22 മണിക്കൂർ
കൊച്ചി: നടന്‍ ദിലീപിനെ ഇതുവരെ 22 മണിക്കൂര്‍ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്യുന്നത്. മൂന്ന് ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നും 11 മണിക്കൂര്‍ വീതമാണ് ദിലീപിനെ ചോദ്യം ചെയ്തത്. ഇന്ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ് മടങ്ങി.
നാളെയോടെ ദിലീപിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കുകയാണ്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ദിലീപിനെ കൂടാതെ മറ്റ് പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും രണ്ട് ദിവസമായി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ദിലീപിന്റെ ആലുവയിലുളള വീട്ടില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഈ സംഘം ഗൂഢാലോചന നടത്തി എന്നതാണ് കേസ്.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണ് ദിലീപിനെതിരെ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡ് ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ദിലീപ് മുന്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം തീര്‍പ്പ് കല്‍പ്പിക്കാതെ ഹൈക്കോടതി നടനെ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ സമയം അനുവദിക്കുകയായിരുന്നു.












Click it and Unblock the Notifications