കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം; പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണം: സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തലസ്ഥാനത്ത് പട്ടാപകൽ ഹോട്ടലിൽ കയറി ജീവനക്കാരനെ വെട്ടിക്കൊന്നത് ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ്ണ പരാജയത്തിന്റെ ഒടുവിലത്തെ ഉദ്ദാഹരണമാണ്. തിരുവനന്തപുരത്ത് സി പി എമ്മുമായി അടുപ്പമുള്ള ഗുണ്ടാസംഘമാണ് അഴിഞ്ഞാടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരിൽ സി പി എം പാർട്ടി ഗുണ്ടകൾ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊല്ലുന്നു. കേരളത്തിൽ വേലി തന്നെ വിളവ് തിന്നുകയാണ്. മലപ്പുറം അരീക്കോട് വീടിന്റെ വാതിൽ ചവിട്ടി തുറന്ന് തളർന്നു കിടക്കുന്ന അമ്മയുടെ മുമ്പിൽ വെച്ച് മാനസികവും ശാരീരകവുമായ പ്രശ്നമുള്ള പെൺകുട്ടിയെ ഒരു ക്രിമിനൽ ക്രൂരമായി ബലാത്സംഘം ചെയ്തിട്ടും സ്ത്രീപക്ഷക്കാരും സാംസ്ക്കാരിക നായകൻമാരും പ്രതികരിക്കുന്നില്ല.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ കുറ്റകൃത്യങ്ങളിൽ കേരളമാണ് ഏറ്റവും മുമ്പിൽ. പൊലീസിന്റെ പക്ഷപാതിത്വവും നിഷ്ക്രിയത്വവുമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണം. പൊലീസുകാരിൽ പോലും 1000 ത്തോളം ക്രിമിനലുകളുണ്ടെന്നാണ് നിയമസഭയിൽ ആഭ്യന്തരമന്ത്രി പറഞ്ഞത്. ഗുണ്ടാസംഘങ്ങളുടെയും പാർട്ടി ക്വൊട്ടേഷൻ സംഘങ്ങളുടേയും അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് വെല്ലുവിളിയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തെ കൊലപാതകത്തില്‍ സർക്കാറിനും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൊലപാതകങ്ങളുടെയും അക്രമണങ്ങളുടെയും അഴിഞ്ഞാട്ടമാണ് കുറച്ച് കാലങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
'' സംസ്ഥാനത്ത് കൊലപാതകങ്ങളുടെയും അക്രമണങ്ങളുടെയും അഴിഞ്ഞാട്ടമാണ് കുറച്ച് കാലങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൻ്റെ അവസാനത്തെ ഇരയായിരുന്നു ഇന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് അടുത്തായി സംഭവിച്ച അരും കൊലപാതകം. പോലീസിൻ്റെ നിഷ്ക്രിയത്വം ഇവിടെ തെളിഞ്ഞു കാണാം . കോടികൾ മുടക്കി സി സി ടി വി ക്യാമറകൾ റോഡുകളിൽ സ്ഥാപിച്ചെങ്കിലും അവ ഇത്തരം അവസരത്തിൽ കണ്ണും ചിമ്മി നോക്കുകുത്തികളായി വഴിവക്കിൽ നിൽക്കുകയാണ്. ''- രമേശ് ചെന്നിത്തല എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു.
ജനങ്ങൾക്ക് അവരുടെ ജീവന് സംരക്ഷണം നൽകേണ്ട ആഭ്യന്തര വകുപ്പിൻ്റെ പൂർണ്ണ പരാജയമാണ് ഇതിൽ നിന്നും പ്രകടമാകുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.












Click it and Unblock the Notifications