'ക്രിമിനലുകൾക്ക് ജൻഡർ വ്യത്യാസമില്ല ,നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ല'; എൽദോസ് കുന്നപ്പിള്ളി
കൊച്ചി: സുഹൃത്തായ യുവതിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി എം എൽ എ . ഫേസ്ബുക്കിലൂടെയാണ് എം എൽ എയുടെ മറുപടി. 'ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കുന്നു. അധികാരം തനിക്ക് അവസാന വാക്കൊന്നുമല്ല.വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. ഒരുപാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും', എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ-'നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി'.

തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയായ യുവതിയാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ മാസം 14-നാണ് കോവളത്ത് വെച്ച് തന്നെ എം എൽ എ മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. കാറിൽ വെച്ച് തന്നെ മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രമവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് എടുക്കുകയായിരുന്നു.

അതേസമയം കേസ് നൽകിയതോടെ ഒത്തുതീർപ്പാക്കാൻ തനിക്ക് എം എൽ എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. എം എൽ എയുമായി തനിക്ക് 10 വർഷത്തെ പരിചയം ഉണ്ടെന്നും സ്വഭാവം മോശമാണെന്ന് മനസിലാക്കിയതോടെ അകലാൻ തീരുമാനിച്ചപ്പോഴാണ് മദ്യപിച്ച് വീട്ടിലെത്തി ദേഹോപദ്രവം തുടങ്ങിയതെന്നും ഇവർ പറഞ്ഞിരുന്നു. കേസ് പിൻവലിക്കാൻ ഭീഷണിയും സമ്മർദ്ദവും ഉണ്ട്. വക്കീൽ ഓഫീസിൽ വെച്ചാണ് 30 ലക്ഷം വാഗ്ദാനം ചെയ്തത്. എന്നാൽ പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നായിരുന്നു യുവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

നിലവിൽ എം എൽ എ ഒളിവിലാണ്. ഇദ്ദേഹത്തിന്റെ രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊതു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എം എൽ എ എവിടെയുണ്ടെന്ന് അറിയില്ലെനാണ് പാർട്ടി നേതാക്കളും പ്രവർത്തകരും പറയുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരും വരെ എം എൽ എ മാറിനിൽക്കുന്നുവെന്നാണ് വിവരം. ശനിയാഴ്ചയാണ് എം എൽ എയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. ഇതിനിടയിൽ
എം എൽ എക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. എം എൽ എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications