ജോസഫ് ഗ്രൂപ്പ് തര്‍ക്കത്തിന് പിന്നിലും മുഖ്യന്‍?
തൃശ്ശൂര്‍: കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കാന്‍ രണ്ടുവട്ടം ആലോചിച്ചാലും, മുഖ്യമന്ത്രി രാജിവെക്കണം എന്ന് പറയാന്‍ മടിക്കാത്തവരാണ് നമ്മുടെ പ്രതിപക്ഷ നേതാക്കള്‍. അതിന് ആ പാര്‍ട്ടിയെന്നോ ഈ പാര്‍ട്ടിയെന്നോ ഉള്ള വ്യത്യാസമില്ല. സോളാര്‍ വിവാദം, സരിത എസ് നായര്‍, ഗണേഷ് - യാമിനി തല്ല്, കവിത പിള്ള, കണ്ണൂരിലെ കല്ലേറ്, ഇപ്പോഴിതാ കേരള കോണ്‍ഗ്രസിലെ വഴക്ക് ... എല്ലാത്തിനും പിന്നില്‍ ഒരൊറ്റയാളേയുള്ളൂ കേരളത്തില്‍.
അത് ഈ നാടുഭരിക്കുന്ന മുഖ്യമന്ത്രിയാണ്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് എന്ന് പറയുന്നത് പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണനാണ്. ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് വിഷയത്തില്‍ തട്ടി കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം ഇടഞ്ഞുനില്‍ക്കുന്നതാണ് കോടിയേരിയെ ചൊടിപ്പിച്ചിരിക്കുന്നത്.

യു ഡി എഫില്‍ തുടരുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് രണ്ടുമനസുണ്ടാക്കാന്‍ വേണ്ടി അത്യധികം കഷ്ടപ്പെട്ട ആളാണ് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി. മാണി സാറിന്റെ സീനിയോരിറ്റി പരിഗണിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണം എന്ന് വരെ അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനെങ്കിലും മനംമാറ്റത്തിന്റെ സൂചനകള്‍ കണ്ട സ്ഥിതിക്ക് കോടിയേരിയുടെ ശ്രമം അമ്പേ പരാജയപ്പെട്ടു എന്ന് പറയുന്നതിലര്‍ഥമില്ല.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്ന് മാത്രം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടില്ല. മംഗള്‍യാന്‍ ചൊവ്വയിലെത്തും മുന്‍പേ മുഖ്യനെ താഴെയിറക്കും എന്ന് പറഞ്ഞിരുന്ന സ്ഥിതിക്ക് ഇക്കാര്യത്തില്‍ കൂടി മുഖ്യമന്ത്രി രാജിവെക്കണം എന്ന് കോടിയേരിക്ക് ആവശ്യപ്പെടാമായിരുന്നു എന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയായിരുന്നു മംഗള്‍യാന്‍ ചൊവ്വയിലെത്തും മുന്‍പേ ഉമ്മന്‍ചാണ്ടിയെ താഴെയിറക്കും എന്ന് കോടിയേരി പറഞ്ഞത്. ഏതാണ്ടിതേ സൂചന തന്നെയാണ് തുടര്‍ദിവസങ്ങളില്‍ പിണറായി വിജയനും നല്‍കിയത്.












Click it and Unblock the Notifications