അമ്മമാരെ മഠത്തില്‍ എത്തിച്ചെന്ന് ഷോണ്‍ ജോര്‍ജ്; സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നുവെന്ന് പരിഹാസം
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ മോചിപ്പിച്ചതിന്റെ ക്രെഡിറ്റ് ആര്‍ക്ക് എന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. ക്രെഡിറ്റ് സ്വന്തമാക്കാനുള്ള മത്സരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്. സമൂഹ മാധ്യങ്ങളില്‍ നിരവധി ട്രോളുകള്‍ക്കും ഈ രാഷ്ട്രീയ പോര് വഴിവെച്ചു കഴിഞ്ഞു.
എട്ടു ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കഴിഞ്ഞ ദിവസം കന്യാസ്ത്രീകള്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ഇവര്‍ പുറത്തിറങ്ങിയതോടെ ക്രെഡിറ്റിനായുള്ള തര്‍ക്കവും ആരംഭിച്ചു കഴിഞ്ഞു. ബിജെപിയുടെ ഇടപെടലാണ് കന്യാസ്ത്രീകളുടെ മോചനത്തിന് വഴിതെളിച്ചതെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ അവകാശവാദമാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്.

കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള ബിജെപി-ഇടതു, വലത് പാര്‍ട്ടികളുടെ രാഷ്ട്രീയ പോര് സമൂഹ മാധ്യമങ്ങളിലും ചിരിക്കാനുള്ള വക നല്‍കിയിരിക്കുകയാണ്. ജയിലില്‍ ആക്കിയവര്‍ തന്നെയാണ് കന്യാസ്ത്രീകളെ ഇപ്പോള്‍ പുറത്തിറക്കിയതെന്ന വിമര്‍ശനവും ബിജെപിക്കെതിരേ ശക്തമാണ്.
ഈ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ജയില്‍ മോചിതരായ കന്യാസ്ത്രീകളെ മഠത്തില്‍ എത്തിച്ച ശേഷമുള്ള ഒരു ചിത്രമാണ് ഷോണ്‍ പങ്കുവെച്ചത്. 'ജയില്‍ മോചിതരായ അമ്മമാരേ മഠത്തില്‍ എത്തിച്ചു, തിരികെ പോരുന്നു ....' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും അനൂപ് ആന്റണിയെയും കാണാം.
ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 'ഒന്നും പറയാനില്ല തൊലിക്കട്ടി അപാരം തന്നെ' എന്നാണ് പലരും കമന്റ് ഇട്ടിരിക്കുന്നത്. രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി സംഘപരിവാര്‍ സംഘടനയാണ് പാവം സിസ്റ്റേഴ്‌സിനെ കള്ളക്കേസില്‍ കുടുക്കി തുറുങ്കില്‍ അടച്ചത്. എന്നിട്ട് നാടകം കളിക്കുന്നു - എന്നാണ് സിനു ജോണ്‍ എന്നയാള്‍ കുറിച്ച് കമന്റ്.
ഒരുവശത്ത് ജയിലില്‍ ഇടുന്നു മറുവശത്ത് ജാമ്യം കിട്ടിയതിന്റെ ക്രെഡിറ്റിന് നെട്ടോട്ടം ഓടുന്നു. പ്രഹസനം ഒന്നുമില്ല എന്ന് തോന്നിപ്പിക്കാന്‍ കഷ്ടപ്പെടുന്നു. എല്ലാം ന്യായത്തിനു വേണ്ടി എന്ന് ഓര്‍ക്കുമ്പോള്‍ പുളകം കൊള്ളുന്നു. ഇതായിരുന്നു ജോര്‍ജ് ജോസഫ് എന്നയാളുടെ കമന്റ്.
അതേസമയം വിഷയത്തിലെ കാര്യക്ഷമമായ ഇടപെടലുകള്‍ക്ക് ബിജെപിക്കും ഷോണിനും അഭിനന്ദനങ്ങള്‍ കുറേ പേര്‍ അറിയിക്കുന്നുണ്ട്. കല്ലേറും ചെളിയും കൊണ്ടിട്ടും സിബിസിഐ ദൗത്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതായി ഷോണ്‍ ജോര്‍ജ് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി വലിയൊരു ടീം ഇതിനുവേണ്ടി ജോലി ചെയ്തിരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്.












Click it and Unblock the Notifications