'പേരില്‍ ഗാന്ധിയുണ്ടായതുകൊണ്ട് മാത്രം വിജയിക്കില്ല, രാഹുലിന്റേത് ഇരട്ടത്താപ്പ് ': തൃശൂര്‍ അതിരൂപത ലേഖനം
തൃശൂര്‍: കോണ്‍ഗ്രസിനെതിരെ വിമര്‍ശനുവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം തമ്മിലടിച്ച് ബിജെപിക്ക് വളരാനുള്ള അവസരം ഉണ്ടാക്കുകയാണെന്നും 'കത്തോലിക്കസഭ'യില്‍ വിമര്‍ശിക്കുന്നു. അതിരൂപതയുടെ മുഖപത്രമാണ് കത്തോലിക്ക സഭ.
കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് തൃശൂര്‍ അതിരൂപത ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും ഈ നിലപാട് ജനം ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ലെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. പേരില്‍ ഗാന്ധി എന്നുള്ളതുകൊണ്ട് വിജയിക്കാന്‍ സാധിക്കില്ല. നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടലും കോണ്‍ഗ്രസിന് നാണക്കേട് ആണെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നാണംകെട്ട പരാജയവും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

'കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നുവോ' എന്ന ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. ബിജെപിയുടെ ദേശിയബദല്‍ എന്ന സ്ഥാനം ആംആദ്മി സ്വന്തമാക്കിയെന്നും ലേഖനത്തില്‍ പറയുന്നു. കോണ്‍ഗ്രസ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇന്ത്യ ജനാധിപത്യ മതേതര മൂല്യങ്ങളില്‍ നിന്നും മാറി സംഘപരിവാറിന്റെ ഇന്ത്യയായി പരിണമിക്കുമെന്നും ആ സാധ്യതകളാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ കാണാന്‍ കഴിയുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം പേറുന്ന കോണ്‍ഗ്രസ് നിലവില്‍ വെറും കാഴ്ചക്കാര്‍ മാത്രമായെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം കേരളത്തിലെ കോണ്‍ഗ്രസ് കുഴഞ്ഞുമറിയുകയാണ്. കെ വി തോമസ് സിപിഎം പാര്‍ട്ടി സമ്മേളനത്തോട് അനുബന്ധിച്ച സെമിനാറില്‍ പങ്കെടുത്തതാണ് കെപിസിസിയെ ചൊടിപ്പിച്ചത്. കെപിസിസിയുടെയും എഐസിസിയുടെയും വിലക്ക് മറികടന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയും ആയിരുന്ന കെവി തോമസ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത്.

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി. കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനോട് പ്രതികരിക്കുന്നില്ലെന്നും തനിക്കും പങ്കെടുക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ സോണിയ ഗാന്ധി പറഞ്ഞതിനാലാണ് സെമിനാറില്‍ പങ്കെടുക്കാതിരുന്നതെന്നും ശശി തരൂര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും ആദ്യത്തെ നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്.

സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം. കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. അതേ സമയം രാജ്യസഭ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിചയ സമ്പന്നനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് താനെന്നും രാജ്യസഭ സീറ്റിന് താന്‍ അര്‍ഹനാണെന്നുമാണ് കെ വി തോമസ് താരിഖ് അന്‍വറിനെ അറിയിച്ചത്. എന്നാല്‍ ഈ ആവശ്യവും കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് നേതൃത്വവുമായി ഉടച്ചലിലാണ് കെ വി തോമസ്












Click it and Unblock the Notifications