
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ സിപിഐ യോഗത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അതിവേഗപാതയ്ക്കെതിരേ സിപിഐ യോഗത്തില്‍ വിമര്‍ശനം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതിയോഗത്തിലാണ് മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചത്. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി മുന്നോട്ടുപോകുന്നത് പ്രകോപനപരമാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മുല്ലക്കര രത്നാകരന് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പദ്ധതിക്കെതിരേ കാര്യമായ വിമര്‍ശനം ഉന്നയിച്ചത്.
'ജീവനോടെ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയല്ലോ'; പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെട്ട മോദി പറഞ്ഞത്...
വികസന പ്രവര്‍ത്തനങ്ങളില്‍ ധൃതിപിടിച്ചുള്ള സമീപനം പാടില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതിയുമായി മുന്നോട്ടുപോകാന്‍. ഇല്ലെങ്കില്‍ കൂടെനില്‍ക്കുന്ന ജനവിഭാഗത്തിന്റെ എതിര്‍പ്പ് നേരിടേണ്ടിവരുമെന്നുമാണ് കൊല്ലം ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്ന വികാരമെന്ന് മുല്ലക്കര സംസ്ഥാന നിര്‍വാഹകസമിതിയെ അറിയിച്ചു. അതേസമയം, പെട്ടെന്ന് നടക്കുന്ന പദ്ധതിയല്ല ഇതെന്നും ദീര്‍ഘമായ പ്രക്രിയയിലൂടെയായിരിക്കും ഇതു പൂര്‍ത്തിയാക്കുകയെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ചാടിക്കയറി എതിര്‍ക്കുന്നതില്‍ കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ച കാര്യവും കാനം ചൂണ്ടിക്കാട്ടി.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ നേരത്തെ വിശദമായ ചര്‍ച്ച നടന്നിരുന്നു. ഇതിലെ തീരുമാനങ്ങളും ചര്‍ച്ചയുടെ സംക്ഷിപ്ത രൂപവുമാണ് മുല്ലക്കര യോഗത്തെ അറിയിച്ചത്. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കൂവെന്ന് നേരത്തെ കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. പദ്ധതിയുടെ കാര്യത്തില്‍ സിപിഐയില്‍ രണ്ട് അഭിപ്രായമില്ലെന്നും ഇടതു മുന്നണിയുടെ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാവ്യ മാധവനെയും ദിലീപിനെയും ചോദ്യം ചെയ്യാന്‍ പോലീസ്; സംവിധായകന്റെ രഹസ്യമൊഴിയെടുക്കും
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ട പദ്ധതി സംബന്ധിച്ച വിശദീകരിച്ചിരുന്നു. പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നില്ലെന്നും മതിയായ നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാര തുക സംബന്ധിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തിനെതിരെ സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബിനോയിയുടെ പ്രസ്താവന അനവസരത്തിലാണ്. കോണ്‍ഗ്രസ് വേദിയില്‍ പോയി അതു പറയേണ്ടിയിരുന്നില്ല. പ്രസ്താവന അപക്വമായിപ്പോയെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്ക്കുന്ന തരത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം അദ്ദേഹം എഴുതിയ ലേഖനത്തിലും നിലപാട് ആവര്‍ത്തിച്ചു. കേരളമല്ല ഇന്ത്യയെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ആവശ്യമാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ബിനോയ് വിശ്വത്തിന്റെ നിലപാട് സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കമായി മാറിയിട്ടുണ്ട്.