Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണ വീടുകളിലെ സെല്‍ഫികള്‍; അമര്‍ഷം അടക്കി താരങ്ങള്‍; സാമാന്യബോധമില്ലാതെ പെരുമാറുന്നവര്‍: വിമര്‍ശനം

കഴിഞ്ഞ ദിവസമാണ് കലാ ലോകത്തെ ഏറെ വേദനിപ്പിച്ച് നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അപ്രതീക്ഷിതമായി ഈ ലോകത്തോട് വിട പറഞ്ഞത്. എല്ലാവരോടും ഏറെ സൗഹാര്‍ദത്തോടെ പെരുമാറുന്ന നവാസിന്റെ മരണം ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാന്‍ കഴിയാത്തതായി മാറി. നവാസിനെ അവസാനമായി ഒരു നോക്ക് കാണാനായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.

ആലുവയിലെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ആലുവ ടൗണ്‍ ജുമാ മസ്ജിദിലും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നവാസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. സിനിമ മേഖലയില്‍ വലിയൊരു സുഹൃത്ത് വലയം ഉണ്ടായിരുന്നതിനാല്‍ തന്നെ ഏറെ ഹൃദയഭാരത്തോടെയാണ് പല താരങ്ങളും നവാസിനെ കാണാന്‍ എത്തിയത്.

selfie

എന്നാല്‍ ദുഃഖം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തിലും റീച്ച് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നവരുടെയും പ്രവര്‍ത്തികള്‍ വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നിറയെ.

നവാസിന്റെ മൃതദേഹം ആംബുലന്‍സിലേക്ക് എടുത്തപ്പോള്‍ ഉറ്റവര്‍ക്ക് അടുക്കാന്‍ പോലുമാകാത്ത രീതിയില്‍ മൊബൈല്‍ ക്യാമറകളുമായി വാഹനത്തെ പൊതിഞ്ഞവരുടെ മനോനിലയെയാണ് പലരും വിമര്‍ശിക്കുന്നത്. ക്യാമറകളെ ഏറെ പ്രയാസപ്പെട്ട് വകഞ്ഞുമാറ്റിയാണ് നവാസിന്റെ സഹോദരനായ നിയാസ് ആംബുലന്‍സിനുള്ളിലേക്ക് കയറിയത്.

നടന്‍ ജയസൂര്യക്കൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയ ആളെ രൂക്ഷമായ നോട്ടത്തിലൂടെ ജയസൂര്യ തന്നെ പിന്തിരിപ്പിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വലിയ അമര്‍ഷത്തോടെയാണ് സെല്‍ഫി എടുക്കാന്‍ എത്തിയ ആളെ ജയസൂര്യ നോക്കുന്നത്. ഇതേ അനുഭവം സായ്കുമാറിനും ഉണ്ടായി. എന്നാല്‍ വളരെ സംയമനത്തോടെയാണ് സായികുമാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നീ ഒരു തവണ സെല്‍ഫി എടുത്തതല്ലേ, ഇനി മതി എന്നാണ് സായ്കുമാര്‍ പറയുന്നത്. നടന്‍ ലാലിനൊപ്പം പലരും സെല്‍ഫി എടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പല താരങ്ങള്‍ക്കും ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കണമെന്നുണ്ടെങ്കിലും ക്യാമറകളെ പേടിച്ച് പലരും ദേഷ്യം കടിച്ചു പിടിക്കാറാണ് പതിവ്. യാതൊരു സാമാന്യബോധവും ഇല്ലാതെ മരണവീടുകളില്‍ എത്തുന്ന ഇത്തരക്കാരെ നിയന്ത്രിക്കാന്‍ മാര്‍ഗം ഒന്നുമില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

തിക്കി തിരക്കി മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത് റീച്ച് വര്‍ധിപ്പിക്കാനുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ശ്രമത്തെയും നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്. മരണം രംഗബോധമില്ലാത്ത കോമാളിയാണെങ്കില്‍ മരണ വീടുകളില്‍ സാമാന്യ ബോധം ഇല്ലാതെ പെരുമാറുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അകാലത്തില്‍ മരിച്ച ഒരു താരത്തെ ആദരവോടെ യാത്രയാക്കുന്നതിന് പകരം സെലിബ്രിറ്റികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മാത്രം വരുന്ന ഇത്തരക്കാരെ അവിടെ നിന്ന് അകറ്റി നിര്‍ത്തണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

ഇത് നവാസിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല, എല്ലാ സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട മരണ വീടുകളിലും ഇത് സ്ഥിരം കാഴ്ച്ചയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ചില ശ്രദ്ധേയമായ കുറിപ്പുകള്‍ വായിക്കാം.

'മരണവീട്ടിലെ സെല്‍ഫി ഒരു പ്രഹസനമോ....?

മരണവീട്ടില്‍ എത്തുന്ന സെലിബ്രറ്റികളുടെ കൂടെ സെല്‍ഫിയെടുക്കുന്ന പ്രവണത വലിയൊരു പ്രഹസനമായി മാറിയിരിക്കുന്നു. ഇതൊരു സാമൂഹിക വിപത്തായി വളരുകയാണ്. ദുരന്തസമയങ്ങളില്‍ പോലും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.

ഒരു സെലിബ്രിറ്റിയെ കാണുമ്പോള്‍, ആ നിമിഷത്തിന്റെ ഗൗരവം മനസിലാക്കാതെ, അവരോടൊപ്പം ഒരു സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നത് പലര്‍ക്കും ഒരു വലിയ കാര്യമാണ്. ഇത് ഒരുതരം പ്രദര്‍ശനപരതയുടെ ഭാഗമായി കണക്കാക്കാം.

കഴിഞ്ഞ ദിവസം അകാലത്തില്‍ പൊലിഞ്ഞു പോയ കലാഭവന്‍ നവാസിന്റെ വീട്ടിലെത്തിയ നടന്മാരെ തെരഞ്ഞു പിടിച്ച് സെല്‍ഫി എടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന പല ബോറന്മാരെയും കാണാന്‍ സാധിച്ചു. ഇതില്‍ ഗത്യന്തരമില്ലാതെ പലരും നിന്നു കൊടുത്തങ്കിലും നടന്‍ ജയസൂര്യയും സായ്കുമാറും നോട്ടത്തിലൂടെയും ഭാവത്തിലൂടെ അവരുടെ അതൃപ്തി തുറന്നുകാട്ടി.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മരിച്ചവരോടും അവരുടെ കുടുംബത്തോടുമുള്ള അനാദരവായി മാത്രമേ ഇതിനെ കാണാനാവൂ. ദുഃഖത്തിലായിരിക്കുന്ന ഒരു കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കാതെ പെരുമാറുന്നത് വളരെ വേദനാജനകമാണ്. മരണവീട് എന്നത് ദുഃഖം പങ്കുവെക്കാനും ആശ്വാസം നല്‍കാനുമുള്ള സ്ഥലമാണ്, അല്ലാതെ സെല്‍ഫിയെടുക്കാനുള്ളതല്ല. സെലിബ്രിറ്റികള്‍ക്കുള്ള ബുദ്ധിമുട്ട് അത് വേറെ. ദുഃഖം പ്രകടിപ്പിക്കാനെത്തുന്ന ഇവര്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്.

സെല്‍ഫിയെടുക്കുന്നതും ബഹളം വെക്കുന്നതും മരണാനന്തര ചടങ്ങുകളുടെ പവിത്രത ഇല്ലാതാക്കുന്നു. ഇത് അവിടെ കൂടിയ ആളുകളുടെ ശ്രദ്ധ മാറ്റുകയും ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം കാരണം നമ്മുടെ പൊതുബോധത്തില്‍ വന്ന മാറ്റങ്ങള്‍ ഇതിനൊരു പ്രധാന കാരണമാണ്. ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും വേണ്ടിയുള്ള ഈ ആര്‍ത്തി, മനുഷ്യന്റെ അടിസ്ഥാനപരമായ സഹാനുഭൂതിയെ ഇല്ലാതാക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.' - ഷമീം തനാലൂര്‍ എന്നയാളാണ് ഈ കമന്റ് കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ റഷീദ് പാറയ്ക്കല്‍ പങ്കുവെച്ച അഭിപ്രായവും ശ്രദ്ധേയമാണ്: 'പലരും ഇതിനോടകം പറഞ്ഞതാണെങ്കിലും എനിക്കും മിണ്ടാതിരിക്കാനാവുന്നില്ല. മരണവീട്ടില്‍ യാതൊരു മര്യാദയും പാലിക്കാതെ മൊബൈലു കൊണ്ട് തോന്ന്യാസം കാണിക്കുന്ന
ഒരുപാട് പേരെ കണ്ടു. പക്ഷേ എന്നെ വിഷമിപ്പിച്ചത് അതൊന്നുമല്ല നവാസിന്റെ മൃതശരീരം കയറ്റിയ ആംബുലന്‍സിനുള്ളില്‍ കയറിക്കൂടി ആ യാത്രയില്‍ തന്റെ മുഖം കൂടി വരാവുന്ന രീതിയില്‍ വീഡിയോ എടുത്തു അപ്പോള്‍ തന്നെ എല്ലാ ഗ്രൂപ്പിലേക്കും തട്ടിയ ഒരു മാന്യന്റെ ചെയ്തികളാണ്. മരണവീട്ടിലെ ഓരോ നിമിഷവും അയാള്‍ ആസ്വദിക്കുകയായിരുന്നു എന്ന് എനിക്ക് തോന്നുന്നു'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+