സർക്കാരിനെ വിമർശിച്ചു, കടലിൽ കാണാതായ ജോണിന്റെ മകൾക്ക് നേരെ സൈബർ ആക്രമണം
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിക്ക് നേരെ സൈബർ ആക്രമണം. ജോണിനെ കാണാതായി 7 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. ഇതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ജിജി രംഗത്ത് വന്നിരുന്നു.
കടലിൽ കാണാതായവരെ കണ്ടെത്താനുളള രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന വിമർശനമാണ് ജിജി ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി വിഡി സതീശൻ കടപ്പുറത്ത് പോകുന്നത് പ്രശ്നമാകും എന്ന തരത്തിൽ പ്രതികരിച്ചതിന് മാപ്പ് പറയണമെന്നും ജിജി ആവശ്യപ്പെട്ടിരിക്കുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്നും ജിജിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നത്.
പ്രതിപക്ഷത്ത് നിന്ന് നേതാക്കൾ ഈ വിഷയം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. അച്ഛനെ കാണാതായ ഒരു മകളുടെ ഹൃദയത്തിൽ നിന്നുള്ള നില വിളി കേൾക്കുന്നതിന് പകരം അവളെ അവളെ വേട്ടയാടാനാണ് കോൺഗ്രസ്-ലീഗ് സൈബർ ഹാൻഡിലുകൾ ഇറങ്ങിത്തിരിച്ചതെന്ന് വികെ സനോജ് എംഎൽഎ കുറ്റപ്പെടുത്തി.

വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ് : '' മത്സ്യത്തൊഴിലാളിയായ തന്റെ പിതാവിനെ കടലിൽ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും, അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ വിവരമോ തിരച്ചിലിൽ വേണ്ടത്ര ഏകോപനമോ ലഭിക്കാത്തതിലുള്ള നിസ്സഹായതയാണ് ആ മകൾ മാധ്യമങ്ങൾക്കുമുന്നിൽ പങ്കുവെച്ചത്. അത് ഒരു രാഷ്ട്രീയ പ്രസ്താവനയല്ലായിരുന്നു.
അത് ഒരു ആരോപണ മത്സരവുമല്ലായിരുന്നു. അത് അച്ഛനെ കാണാതായ ഒരു മകളുടെ ഹൃദയത്തിൽ നിന്നുള്ള നില വിളിയായിരുന്നു.
പക്ഷേ, ആ വേദന കേൾക്കുന്നതിനുപകരം അവളെ വേട്ടയാടാനാണ് കോൺഗ്രസ്-ലീഗ് സൈബർ ഹാൻഡിലുകൾ ഇറങ്ങിത്തിരിച്ചത്. പച്ചത്തെറി മുതൽ വ്യക്തിപരമായ അധിക്ഷേപങ്ങളും സ്ലട്ട് ഷെയിമിങ്ങും വരെ നടത്തി ആ പെൺകുട്ടിയെ അപമാനിക്കുന്നതാണ് ഇന്നലെ മുതൽ കേരളം കാണുന്നത്.
സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള തന്റെ ആശങ്ക മാധ്യമങ്ങളോട് പങ്കുവെച്ചു എന്നതാണ് അവൾ ചെയ്ത ഏക "കുറ്റം". സ്വന്തം പിതാവിന്റെ ജീവനോ മരണവിവരമോ പോലും അറിയാതെ ഓരോ നിമിഷവും പ്രതീക്ഷയും ഭയവുമായി ജീവിക്കുന്ന ഒരു കുടുംബത്തെയാണ് സംഘടിതമായ സൈബർ ആക്രമണത്തിലൂടെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത്. എന്താണ് ഇതിലൂടെ ഇവർ തെളിയിക്കാൻ ശ്രമിക്കുന്നത്? തങ്ങൾക്ക് ഇഷ്ടമില്ലാത്ത ശബ്ദങ്ങളെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും വ്യക്തിഹത്യ നടത്തിയും മൗനത്തിലാക്കാം എന്നാണോ?
വായുവിലുള്ളതും തെളിവില്ലാത്തതുമായ സൈബർ ആക്രമണങ്ങൾ പോലും 'ബ്രേക്കിംഗ് ന്യൂസ്' ആകുന്ന കാലത്ത്, പിതാവിനെക്കുറിച്ചുള്ള ഒരു വിവരത്തിനായി കാത്തിരിക്കുന്ന ഒരു മകൾ നേരിടുന്ന ഈ ക്രൂരമായ സൈബർ അതിക്രമം വാർത്തയാകാതെ പോകുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. ദുഃഖത്തിലിരിക്കുന്ന ഒരു കുടുംബത്തെ അപമാനിക്കുന്നത് രാഷ്ട്രീയമല്ല; അത് മനുഷ്യത്വരാഹിത്യമാണ്.
ആ പെൺകുട്ടിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യാ ശ്രമങ്ങൾക്കും എതിരെ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ഒരു മകളുടെ കണ്ണീരിന് മറുപടി തെറിയാകരുത്. നീതിയും സംരക്ഷണവുമാകണം.




Click it and Unblock the Notifications