ആലുവയില്‍ വീണ്ടും പെണ്‍കുഞ്ഞിന് നേരെ ക്രൂരത: ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കൊച്ചി: ആലുവയില്‍ കൊച്ചു കുട്ടിക്കെതിരെ വീണ്ടും കൊടുംക്രൂരത. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ആലുവ ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.
കൂടെ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിന് ഒടുവില്‍ സമീപത്തെ പാടത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു കുട്ടി. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെതി അന്വേഷണം ആരംഭിച്ചു. രാത്രി മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്. കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയെ നേരത്തെ തന്നെ അറിയാവുന്ന, പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് കൃത്യം നിർവ്വഹിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ജുലൈ മാസം അവസാനമായിരുന്നു ആലുവയില്‍ തന്നെ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോട് ചേര്‍ന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു.
സംഭവത്തില്‍ അസ്ഫാഖ് ആലം എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മാതാപിതാക്കള്‍ക്കും മൂന്നു സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പാണ് അസ്ഫാഖ് ആലം ഇവിടെ താമസിക്കാനെത്തിയത്. വെള്ളിയാഴ്ച ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അസ്ഫാഖ് ആലം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications