രാജ്യത്തെ പ്രശസ്ത ഗായകരെപ്പോലും വിസ്മയിപ്പിച്ച മലപ്പുറത്തിന്റെ കൊച്ചു ഗായിക യുംനക്ക് സ്വന്തം സ്‌കൂളിന്റെ ആദരം
മലപ്പുറം: മലപ്പുറം തിരൂര്‍ സ്വദേശിയും സിടിവി റിയാലിറ്റി ഷോയിലൂടെ രാജ്യത്തെ പ്രശസ്ത ഗായകരെപ്പോലും വിസ്മയിപ്പിച്ച മലയാളി യുവഗായിക യുംന അജിന് സ്വന്തം സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും മാനേജ്മെന്റും, രക്ഷിതാക്കളും ചേര്‍ന്നൊരുക്കിയ സ്വീകരണം ഹൃദ്യമായി. പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി യുംനയെ ഉപഹാരം നല്‍കി ആദരിച്ചു.
തിരൂര്‍ ചെറിയപരപ്പൂര്‍ ഇഖ്റഅ് ഇംഗ്ലീഷ് ഹൈസ്‌കൂളിലെ 6-ാം തരം വിദ്യാര്‍ത്ഥിനിയാണ് യുംന. സ്‌കൂള്‍ മാനേജര്‍ മുജീബ് പൂളക്കല്‍ ചടങ്ങിന്റെ അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജ്യോതി പ്രകാശ്, ചെയര്‍മാന്‍ മാനു പൂളക്കല്‍, പി.കെ രതീഷ്, എടയാടി ബാവ ഹാജി ബീരാന്‍ചിറ, തൂമ്പില്‍ അബുഹാജി, സി.പി അബ്ദുറഹിമാന്‍, ഇളയോടത്ത് സലീം, എം മുഹമ്മദലി, കെ നന്‍സാര്‍, പ്രീന കെ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.എസ് ഗിരീഷ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് യുംനയും സംഘവും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.

കൊച്ചു ഗായിക യുംന അജിനെ പുരസ്‌കാരം നല്‍കി സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ആദരിക്കുന്നു
മ്യൂസിക് ലെജന്റ് എ ആര്‍ റഹ്മാന്റെയടക്കം അഭിനന്ദനം ഏറ്റുവാങ്ങി തിരൂര്‍ സ്വദേശിനി യുംന അജിന്‍ സംഗീതലോകത്ത് നാടിന്റെ അഭിമാനമാകുന്നത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ സംഗീത റിയാലിറ്റി ഷോ ആയ സീ ടിവി സരിഗമപയിലെ ഫൈനലിസ്റ്റായി തിരൂര്‍ സ്വദേശിനിയായ യുംന അജിന്‍ എന്ന അഞ്ചാം ക്‌ളാസുകാരി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞരുടെ സാന്നിധ്യത്തിലാണ് സരിഗമപ ഷോ നടക്കുന്നത്.
സീ ടിവിയുടെ റിയാലിറ്റി ഷോയില്‍ ഇന്ത്യയിലെ പ്രശസ്ത സംഗീതജ്ഞരായ ജാവേദ് അലി, നേഹ കക്കര്‍, സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ എന്നിവര്‍ ഉള്‍പ്പെടെ 30 അംഗ ജൂറിയാണ് മത്സരം വിലയിരുത്തുന്നത്. ഇവര്‍ക്ക് പുറമെ ആശാബോസ്ലേ, എ ആര്‍ റഹ്മാന്‍, നടി ശ്രീദേവി, ഉദിത് നാരായണ്‍, അല്‍കാജി തുടങ്ങിയ പ്രമുഖരും മത്സരത്തില്‍ വിധികര്‍ത്താക്കളായി എത്തി യുംനയെ അഭിനന്ദിച്ചിട്ടുണ്ട്. യുംനയുടെ പ്രകടനം കണ്ട് ഹിമേഷ് രേഷ്മിയ തന്റെ പുതിയ സിനിമയില്‍ പിന്നണി ഗായികയായി അവസരവും നല്‍കി.
തിരൂര്‍ താനാളൂരില്‍ താമസിക്കുന്ന അജിന്‍ബാബു - ഫാസിന ദമ്പതികളുടെ മകളായ ഈ പത്തുവയസുകാരിക്ക് ലോകം അറിയപ്പെടുന്ന ഗായികയാകാനാണ് ആഗ്രഹം.












Click it and Unblock the Notifications