കറന്‍സി പിന്‍വലിക്കല്‍; മോദിയെ പിന്തുണച്ച മോഹന്‍ലാലിനെതിരെ വിഡി സതീശന്‍
സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്തമായ ഭാഗങ്ങള്‍ ഇങ്ങനെയാണ്, ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ മോഹന്‍ലാലിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല.
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നിരോധനത്തിന് അനുകൂലമായി നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വി.ഡി. സതീശന്‍ എംഎല്‍എ രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെ രൂക്ഷമായ വിമര്‍ശനമാണ് മോഹന്‍ലാലിനെതിരെ സതീശന്‍ നടത്തിയിരിക്കുന്നത്. മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടിയല്ല, അവര്‍ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണെന്ന് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്തമായ ഭാഗങ്ങള്‍ ഇങ്ങനെയാണ്, ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ മോഹന്‍ലാലിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. എന്നാല്‍ സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഗൗരവതരമായ വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിന്റെ ആഴം എത്രത്തോളം എന്ന് മനസ്സിലാക്കി അഭിപ്രായം പറയുന്നതാവും ഉചിതം.

ജനങ്ങള്‍ ഇന്ന് ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല. അവര്‍ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണ്. ക്യൂവില്‍ നിന്നവരുടെ ലക്ഷ്യം ഒരു ഫുള്‍ ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് സ്വന്തം ബന്ധുക്കളുടെ ചികിത്സയ്ക്കും, വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനം ആണ്.
ശീതീകരിച്ച ഹാളുകളിലും എയര്‍പ്പോര്‍ട്ടിലും നിങ്ങള്‍ നിന്ന ക്യൂ അല്ല. ഉഷ്ണത്തിലും ശൈത്യത്തിലും പാതിരാത്രിക്കും നട്ടുച്ച വെയിലിലും പാതയോരത്ത് നിന്ന് തളര്‍ന്നു കുഴഞ്ഞു വീഴുന്ന ക്യു അങ്ങ് എത്ര മാത്രം കണ്ടു എന്നത് നിശ്ചയമില്ല. ചുരുങ്ങിയ പക്ഷം ജയ്പൂരിലെ ഇരുപത്തി അഞ്ചും അന്‍പതും കിലോമീറ്റര്‍ യാത്ര ചെയ്തു ബാങ്കില്‍ വന്നു തങ്ങളുടെ കഠിനാധ്വാനം ചെയ്ത പണത്തിനു ക്യൂ നില്‍ക്കുന്നവരെ കണ്ട്, അവരുടെ കൂടെ ഒരു രണ്ടായിരം രൂപയ്ക്ക് ക്യൂ നിന്നിട്ട് ആ അനുഭവം വേണമായിരുന്നു മോഹന്‍ലാല്‍ കുറിക്കാന്‍.
ആ ക്യൂവില്‍ ഒരു ധനികനും, കള്ളപ്പണക്കാരനും, സിനിമാതാരവും ഇല്ല. അവിടെ ഉള്ളത് സ്വന്തം ജീവിതത്തില്‍ സ്വരുക്കൂട്ടിയ ആയിരങ്ങള്‍ക്ക് വേണ്ടി യാചകരെ പോലെ നില്‍ക്കുന്ന പാവപ്പെട്ടവര്‍ മാത്രമാണ്. അവരുടെയെല്ലാം ജീവിക്കാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റമാണ്. പ്ലാസ്റ്റിക് മണിയുടെയും, പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും സുഖലോലുപതയല്ല, സ്വന്തം പണം ഉപയോഗിച്ച് അന്നന്നത്തേക്കുള്ള ഭക്ഷണം മേടിക്കാന്‍ പാട് പെടുന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്.
നൂറു കോടി ക്ലബ്ബില്‍ അംഗമായ സന്തോഷത്തില്‍, സ്വന്തം സിനിമ ഈ വിഷയം മൂലം റിലീസ് പോലും ചെയ്യാന്‍ പറ്റാതിരുന്ന സഹപ്രവര്‍ത്തകരോട് ഒന്ന് അന്വേഷിച്ചാല്‍ അവരുടെ ദുരിതം മനസ്സിലാവുമായിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ മോഡിക്ക് ഇന്നേക്ക് പതിമൂന്നു ദിവസം പിന്നിടുമ്പോള്‍ സ്വന്തം നാട്ടില്‍ അഞ്ഞൂറ് രൂപയുടെ നോട്ട് എത്തിക്കാന്‍ എങ്കിലും കഴിഞ്ഞുവോ എന്ന് ഈ ബ്ലോഗ് എഴുതുന്നതിനു മുന്നേ അന്വേഷിക്കണമായിരുന്നു. എടുത്തു ചാട്ടമല്ല, വിവേകപൂര്‍ണ്ണമായ നടപടികളാണ് ഒരു പ്രധാനമന്ത്രിയില്‍ നിങ്ങള്‍ കാണേണ്ടതും.












Click it and Unblock the Notifications