ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിനെ പ്രതി ചേര്‍ത്ത് കസ്റ്റംസ്
കൊച്ചി: സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസിലും പ്രതി ചേര്‍ത്തു. ഡോളര്‍ കടത്തുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞിരുന്നതായും സ്വപ്‌ന മൊഴി നല്‍കിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ 23ാം പ്രതിയായ ശിവശങ്കറിനെതിരെ കസ്റ്റംസ് ചുമത്തുന്ന രണ്ടാമത്തെ കേസാണ് ഇത്. എന്നാല്‍ സ്വപ്‌നയുടെ മൊഴി നിഷേധിച്ച ശിവശങ്കര്‍ കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് വ്യയക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ശിവശങ്കറിനോടൊപ്പം നാല് തവണ യാത്ര ചെയ്‌തപ്പോഴും ഡോളര്‍ കട്‌ത്തിയിട്ടുണ്ടെന്ന് സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന മൊഴി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ ഈ മാസം ഏഴ് വരെ കസ്‌റ്റംസ് കസ്‌റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായിട്ടുണ്ട്. കുറ്റകൃത്യങ്ങളിലുള്‍പ്പെടെ മുഴുവന്‍ പേരെയും വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ടെന്നത് നിരീക്ഷിച്ചുകൈാണ്ടാണ്‌് എറണാകുളം അഡീഷ്‌ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. കുറ്റകൃത്യത്തിന് പിന്നില്‍ വമ്പന്‍ സ്രാവുകളുടെ പേരുണ്ടെന്ന് കോടതി സൂചിപ്പിച്ചു. ഉന്നത പദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
സ്വര്‍ണക്കടത്തു കേസിലെ കസ്റ്റംസ് അന്വേഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തതിന് അന്വേഷണ സംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച മൊഴികളും ചൂണ്ടിക്കാട്ടിയ കോടതി ശിവശങ്കറെ പ്രതി ചേര്‍ത്തത് ന്യായമാണെന്നും വ്യക്തമാക്കി. ശിവശങ്കറെ രക്ഷിക്കാന്‍ വേണ്ടി ആദ്യ ഘട്ടത്തില്‍ സ്‌്വപ്‌ന കളവ് പറഞ്ഞുവെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു.
കോടതിയില്‍ മുദ്രവെച്ച കവറില്‍ കസ്‌റ്റംസ് നല്‍കിയ മൊഴി ചോര്‍ത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കാന്‍ ചീഫ് കസ്റ്റംസ് കമ്മീഷ്‌ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. മൊഴി ചോര്‍ത്തി നല്‍കിയതില്‍ നടപടി ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
മൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ല. അതേ സമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കോടതിയുടെ നിരീക്ഷണം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പാര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.