മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്തിൻറെ പല ജില്ലകളിലും ഭൂഗർഭ ജലത്തിൻറെ അളവും കുറഞ്ഞിട്ടുണ്ട്.

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷം ആകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആർ ഡി എമ്മിലെ ശാസ്ത്രജ്ഞർ. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതിൽ താഴും എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിൻറെ പല ജില്ലകളിലും ഭൂഗർഭ ജലത്തിൻറെ അളവും കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ അന്തരീക്ഷ താപ നില കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്ന് നിൽക്കുകയാണ്. പാലക്കാട് ജില്ലയിൽ രാത്രി കാലത്തെ താപനിലയിൽ 2.9 ഡിഗ്രിയുടെ വർധന വരെ ഉണ്ടായതായാണ് വിവരം.
കൊച്ചി, കൊല്ലം, തൃശൂർ ജില്ലകളിൽ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഈ കാലയളവിൽ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. മഴ വന്നില്ലെങ്കിൽ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യും.
ഭൂഗർഭ ജലനിരപ്പിലും വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. ഭൂഗർഭ ജലനിരപ്പ് ഏറെ താഴ്ന്ന കാസർക്കോട് ,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശ്ശൂർ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടക്കൽ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജല വിനിയോഗത്തിൽ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഒരു വർഷം ലഭിക്കേണ്ട മഴയുടെ അളവിൽ മാറ്റമുണ്ടായിട്ടില്ലെങ്കിലും മഴ കിട്ടുന്ന കാലയളവ് കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞതാണ് പ്രതിസന്ധിക്കുള്ള കാരണം എന്നാണ് പറയുന്നത്. എങ്കിലും വേനൽമഴ കാര്യമായി കിട്ടിയാൽ പ്രശ്നങ്ങളുണ്ടാവില്ലെന്നാണ് കരുതുന്നത്.












Click it and Unblock the Notifications