സൈബർ ആക്രമണം; സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ പരാതി നൽകി അച്ചു ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ ഉയർന്ന സൈബർ ആക്രമങ്ങൾക്കെതിരെ നടപടിയുമായി അച്ചു ഉമ്മൻ. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര പോലീസിനാണ് അച്ചു പരാതി നൽകിയത്. ഇതിനു പുറമെ വനിതാ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
ഫേസ്ബുക്ക് ലിങ്കുകൾ അടക്കമാണ് അച്ചുവിന്റെ പരാതി. കെ നന്ദകുമാർ എന്ന വ്യക്തിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. വീണാ വിജയനെതിരായ മാസപ്പടി വിവാദങ്ങൾക്ക് മറുപടിയെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം കടുത്തത്. അച്ചുവിന്റെ ജീവിതശൈലിയെയും വസ്ത്രധാരണത്തെയും ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപം. ഇതിനെതിരെ നേരത്തേ തന്നെ ഫേസ്ബുക്കിലൂടെ അച്ചു ഉമ്മൻ രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ സത്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലാണ് സൈബർ അധിക്ഷേപം നടക്കുന്നതെന്നും താനൊരിക്കലും ഒരു ചെറിയ നേട്ടത്തിന് പോലും പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നും അച്ചു ഉമ്മൻ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.

അഴിമതിയിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം നടത്തുന്നതെന്നും മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞിരുന്നു. അതിനിടെ അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവ് ലിജോ ഫിലിപ്പ് രംഗത്തെത്തി. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള അച്ചു ഉമ്മന്റെ യാത്രയിൽ പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നെന്ന് ലിജോ ഫേസ്ബുക്കിൽ കുറിച്ചു.
'ഒരു കണ്ടൻറ് ക്രിയേറ്റർ എന്ന നിലയിൽ തന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയിൽ ഞാൻ പൂർണ ഹൃദയത്തോടെ ഒപ്പം നിൽകുന്നു. തുടക്കം മുതൽ അഭിമാനത്തോടെയും ബഹുമാനത്തോടെയും അവൾക്കൊപ്പം തന്നെ നിൽക്കുന്നുണ്ട്.. അവളുടെ അശ്രാന്തമായ അർപ്പണബോധവും സർഗ്ഗാത്മകതയും പ്രതിഫലിപ്പിക്കുന്നതാണ് അവളുടെ നേട്ടങ്ങൾ എല്ലാം. അവൾ നേരിടുന്ന ആരോപണങ്ങളെല്ലാം അസത്യമാണ്. ആത്മാർത്ഥമായ പരിശ്രമത്തിന്റെയും ധാർമ്മിക സമീപനത്തിന്റെയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റർ എന്ന അവളുടെ യാത്രയിൽ ഞാനും എന്റെ മക്കളും അവൾക്കൊപ്പം തന്നെ നിൽക്കും.
ഒരു ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുളള ആൾ എന്ന നിലയിൽ ആ പൈതൃകം ഉയർത്തിപ്പിടിച്ച് തന്നെ പുറത്ത് നിന്നുള്ള ആരുടെ പിന്തുണയും ഇല്ലാതെ തന്നെ എന്റെ കുടുംബത്തെ ഞാൻ പിന്തുണയ്ക്കും. എന്റെ ഭാര്യയുടെയും കുട്ടികളുടെയും ക്ഷേമം എല്ലായ്‌പ്പോഴും ഞാൻ ഉറപ്പാക്കും. അച്ചുവെന്ന വ്യക്തിയെ താൻ എല്ലായപ്പോഴും പിന്തുണ നൽകും', ലിജോ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications