ജസ്റ്റിസ് രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം; കേസെടുത്ത് പോലീസ്
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അസിസ്റ്റന്റ് കമ്മീഷണർ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകളും, കൊടി തോരണങ്ങളും നീക്കം ചെയ്യണം എന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കാൻ അധികൃതർ നടപടി സ്വീകരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ജഡ്ജിക്ക് എതിരെ വളരെ മോശപ്പെട്ട അധിക്ഷേപ പരാമർശം നടത്തി.

ഇതിന് പിന്നാലെയാണ് അഡ്വ. കുളത്തൂർ ജയ്സിങ് സംസ്ഥാന പോലീസ് മേധാവിക്കും കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്. സൈബർ ആക്രമണം നടത്തുന്നത് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് തടയണമെന്നുള്ള പരാതിയിൽ അടിയന്തിര നടപടികൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനം നിർദ്ദേശിച്ചതിന് പുറമേ ജഡ്ജിക്ക് എതിരെ സൈബർ ആക്രമണം നടത്തിയതിന് കേസ് എടുക്കണമെന്ന് കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. അപകീർത്തിപ്പെടുത്തൽ, കലാപം ഉണ്ടാക്കുവാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.












Click it and Unblock the Notifications