'സ്വപ്ന സുരേഷിന് പാർട്ടി ഷാൾ ഇടുന്ന വിഡി സതീശൻ', സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി ചേര്‍ത്താണ് വ്യാജ പ്രചാരണം നടക്കുന്നത്. സ്വപ്‌ന സുരേഷിനെ വിഡി സതീശന്‍ മാലയിട്ട് സ്വീകരിക്കുന്നതായുളള ചിത്രമാണ് വ്യാജമായി സൃഷ്ടിച്ചിരിക്കുന്നത്. ഉമാ തോമസിനെ സ്വീകരിക്കുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് സ്വപ്‌ന സുരേഷിന്റേതാക്കി മാറ്റിയിരിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിനെ വിഡി സതീശന്‍ മാലയിട്ട് സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. ഈ ചിത്രത്തില്‍ ഉമാ തോമസിന്റെ തലയുടെ സ്ഥാനത്ത് സ്വപ്‌ന സുരേഷിന്റെ തല എഡിറ്റ് ചെയ്ത് കയറ്റിയാണ് വ്യാജ പ്രചാരണം. ഇതിനെതിരെ ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത് വന്നിട്ടുണ്ട്. ചിത്രം മോര്‍ഫ് ചെയ്തത് ആരെന്ന് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെ അന്വേഷിച്ചാല്‍ ആളെ കണ്ടെത്താനാകുമെന്ന് ഇപി ജയരാജന്‍ പരിഹസിച്ചു.

ഇപി ജയരാജന്റെ പ്രതികരണം: ' പ്രതിപക്ഷ നേതാവിനൊപ്പമുള്ള ഉമ തോമസിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെതാക്കിയതുമായി ബന്ധപ്പെട്ട് വിവാദം നടക്കുകയാണല്ലോ. മോര്‍ഫിങ്ങ് ആയതിനാല്‍ കോണ്‍ഗ്രസ് തന്നെ തങ്ങളുടെ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും അന്വേശിച്ചാല്‍ അത് ചെയ്ത ആളുകളെ കണ്ടെത്താനാകും. എറണാകുളം ബ്രഹ്‌മപുരത്തെ തീപിടുത്തവും മാലിന്യ നിര്‍മ്മാര്‍ജനവും എല്ലാം ചര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് തന്നെ കോണ്‍ഗ്രസിന്റെ മേയര്‍ക്കും നേതാവിന്റെ മകനുമെതിരെയെല്ലാം ആക്ഷേപമുന്നയിച്ച് രംഗത്ത് വരികയും അതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരികയും വാര്‍ത്തയാവുകയും ചെയ്യുന്ന സമയത്താണ് മോര്‍ഫിങ്ങ് വിവാദം ഉയര്‍ന്നത് എന്നത് ശ്രദ്ദേയമാണ്.
അതിനാല്‍ മോര്‍ഫിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചാലും കോണ്‍ഗ്രസിന് ചുറ്റുമുള്ള ആളുകളെ തന്നെ കണ്ടെത്താനാകും. മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ മകളുടെ കല്യാണത്തില്‍ ഞാനും എന്റെ ഭാര്യയും സന്നിഹിതരായിരുന്നു. ആ വിവാഹത്തില്‍ വധൂവരന്‍മാര്‍ക്ക് ഒപ്പം നിന്ന് അന്ന് എടുത്ത ഫോട്ടോയില്‍ എന്റെ ഭാര്യയുടെ ചിത്രത്തില്‍ കഴുത്തിന് മുകളിലേക്കുള്ള ഭാഗം സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നസുരേഷിന്റെ ചിത്രം ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസ് നേതാക്കളും അണികളും.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി നടത്തിയതായിരുന്നു അത്. തിരുവനന്തപുരത്തേയും എറണാകുളത്തേയും കോണ്‍ഗ്രസിന്റെ ഓഫീസുകളായിരുന്നു അതിന്റെ കേന്ദ്രങ്ങള്‍. ഇതൊക്കെ പരിശോധിച്ചാല്‍ മോര്‍ഫിങ്ങുമായി ബന്ധപ്പെട്ട് ആലോചിക്കുമ്പോള്‍ ആദ്യം കോണ്‍ഗ്രസ് നേതാക്കളിലേക്കും അവരുടെ ഓഫീസുകളിലേക്കും ചെന്ന് പരിശോധന നടത്തുന്നതായിരിക്കും നല്ലത്'.












Click it and Unblock the Notifications