• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബുറെവി ചുഴലിക്കാറ്റ്: പ്രധാനമന്ത്രിയുമായി സംസാരിച്ച് മുഖ്യമന്ത്രി, നാവിക-വ്യോമ സേനകള്‍ സജ്ജം

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് തിരുവനന്തപുരത്ത് എത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. മൂന്നാം തിയ്യതി മുതല്‍ അഞ്ചാം തിയ്യതി വരെ ഇത് തുടര്‍ന്നേക്കും. ജനം ജാഗ്രത പാലിക്കണെമന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിആര്‍എഫിന്റെ 8 ടീമുകള്‍ കേരളത്തിലെത്തിയിട്ടുണ്ട്. നാവിക, വ്യോമ സേനകള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മീന്‍ പിടുത്തത്തിന് സംസ്ഥാനത്ത് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

2849 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ചുഴളിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം. ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 3 മുതല്‍ 5 വരെ തീയതികളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സ്കൂളുകളും കോളേജുകളും ഇപ്പോള്‍ തന്നെ അവധിയിലാണ്. ജാഗ്രത പാലിച്ചുകൊണ്ട് തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതാണ്. പ്രകൃതിക്ഷോഭത്തിന്‍റെ ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങളും അവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. പല സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍, തൊട്ടടുത്തുള്ള മറ്റു ആരോഗ്യകേന്ദ്രങ്ങളുമായി കൈകോര്‍ത്തുകൊണ്ട് അവയുടെ സൗകര്യങ്ങളും കൂടെ ഉപയോഗിച്ചുകൊണ്ട് ഈ പ്രകൃതിക്ഷോഭത്തെ നേരിടാന്‍ സജ്ജമാവുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടങ്ങള്‍ രൂക്ഷമാകാന്‍ സാധ്യത കൂടുതലുള്ള, നേരത്തെ ദുരന്തമുണ്ടായ സ്ഥലങ്ങളിലും സമാന സാഹചര്യമുള്ള സ്ഥലങ്ങളിലും പ്രത്യേകമായ ശ്രദ്ധ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. അത്തരം സ്ഥലങ്ങള്‍ കണ്ടെത്താനും വേണ്ട ഒരുക്കങ്ങള്‍ നടത്താനും ആരോഗ്യസംവിധാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യസംവിധാനങ്ങളും ആരോഗ്യപ്രവര്‍ത്തകരും കോവിഡിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായുള്ള ഒരു സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോഴും കടന്നുപോയ്ക്കോണ്ടിരിക്കുന്നത്. ഒരു പ്രകൃതിക്ഷോഭം സൃഷ്ടിക്കാവുന്ന അധിക ഉത്തരവാദിത്വം അവരുടെ തൊഴില്‍ സാഹചര്യത്തെ കൂടുതല്‍ ദുഷ്കരമാക്കാനിടയുണ്ട്. അതിനാല്‍ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വിട്ടുവീഴ്ചയില്ലാത്ത മുന്‍കരുതല്‍ വളരെ പ്രധാനമാണ്.

cmsvideo
  ജനങ്ങളെ എന്തിനും തയ്യാറായിക്കോ..ഒന്നും പറയാനാകാത്ത പ്രതിഭാസം | Oneindia Malayalam

  മഴയ്ക്ക് ശേഷമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ കൊതുകുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെ പലവിധ സാംക്രമിക രോഗങ്ങള്‍ക്കിടയാക്കാന്‍ സാധ്യതയുണ്ട്. അതു മനസ്സിലാക്കി വീടിനും ചുറ്റും, പറമ്പിലും, പൊതുവിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കണം. സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളെയെല്ലാം നമുക്ക് നേരിടാനായത് സര്‍ക്കാരിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളും സഹകരിക്കുകയും യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ്. ഇത്തരമൊരു യോജിപ്പും കൂട്ടായ പ്രവര്‍ത്തനവും ഈ ഘട്ടത്തിലും ഉണ്ടാകേണ്ടതുണ്ട്. ജനങ്ങളെ ബാധിക്കുന്ന പൊതുവായ പ്രശ്നം എന്ന നിലയില്‍ കണ്ടുകൊണ്ട് ഇടപെടാനും സാധിക്കണം. വരാന്‍ സാധ്യതയുള്ള ഈ ചുഴലിക്കാറ്റിനെ മറികടക്കാന്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

  English summary
  Cyclone Burevi in Kerala: CM Pinarayi Vijayan had talk with PM Narendra Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X