മോക്ക ആഞ്ഞടിക്കുമോ? ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത, കനത്ത മഴ ലഭിച്ചേക്കും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദിത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ മോക്ക എന്നായിരിക്കും പേര്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനപ്രകാരം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ടിന് വയനാട്ടിലും ഒമ്പതിന് എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചൂഴി രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ഇതിന്റെ സ്വാധീനത്താല്‍ ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ ശക്തിപ്രാപിക്കുകയും ചെയ്യും. ഇത് വീണ്ടും ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി വടക്കോട്ട് സഞ്ചരിച്ച് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക ജാഗ്രതാ നിര്‍ദേശം
06-05-2023: കൊമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
07-05-2023: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്ക് ആന്‍ഡമാന്‍ കടല്‍, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
08-05-2023: കൊമോറിന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
09-05-2023: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും, ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മേല്‍പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല












Click it and Unblock the Notifications