'പരൽമീനിൽ ഒതുങ്ങില്ല,വൻസ്രാവും വലയിലാകും';'ഉളുപ്പ്' ഉണ്ടെങ്കിൽ സിറിയക് ജോസഫും രാജിവെക്കണം'; ജലീൽ
ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു സൈബി ജോസ് കിടങ്ങൂർ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.

കൊച്ചി: അഭിഭാഷകനായ സൈബി ജോസിന്റെ രാജിയിൽ പ്രതികരിച്ച് എംഎൽഎ കെടി ജലീൽ. കൂട്ടുകച്ചവടക്കാരനായ വൻസ്രാവ് ഇപ്പോഴും മാന്യനായി വിലസി നടക്കുന്നുണ്ടെന്നും "ഉളുപ്പ്" എന്ന മൂന്നക്ഷരം ഉണ്ടെങ്കിൽ സൈബിയുടെ പങ്കു കച്ചവടക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫും രാജിവെച്ച് പോകുന്നതാണ് നല്ലതെന്നും ജലീൽ പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു സൈബി ജോസ് കിടങ്ങൂർ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
കെടി ജലീലിന്റെ കുറിപ്പ് വായിക്കം
പരൽമീനിൽ ഒതുങ്ങില്ല. വൻസ്രാവും വലയിലാകും. കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം നേരിടുന്ന കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂർ തൽസ്ഥാനം രാജിവെച്ചു. അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി അംഗീകരിക്കുകയും ചെയ്തു. സൈബിക്ക് സി.പി.ഐ എമ്മുമായോ ഇടതുപക്ഷവുമായോ പുലബന്ധം പോലും ഇല്ലാത്തത് കൊണ്ടാകാം മുഖ്യധാരാ പത്രങ്ങളും ചാനലുകളും ചരമക്കോളത്തിന് താഴെ വാർത്ത ഒതുക്കിയത്. "ഹാ കഷ്ടം" എന്നല്ലാതെ എന്തുപറയാൻ?
സൈബി പരൽമീൻ മാത്രമാണ്.
കൂട്ടുകച്ചവടക്കാരനായ വൻസ്രാവ് ഇപ്പോഴും മാന്യനായി വിലസി നടക്കുന്നുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ് കർണ്ണാടക, ഝാർഖണ്ഡ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും കേരള, ഡൽഹി ഹൈക്കോടതികളിൽ ജഡ്ജായും സുപ്രീം കോടതിയിൽ ''ന്യായാധിപനായും" പ്രവർത്തിച്ചിരുന്നപ്പോൾ സൈബി ജോസ് അവിടങ്ങളിൽ ഫയൽ ചെയ്ത വക്കാലത്തിനെ സംബന്ധിച്ചും ലഭിച്ച അനുകൂല വിധികളെ കുറിച്ചും ശക്തമായ ആരോപണം ഉയർന്നിട്ടുണ്ട്. ഈ നിമിഷം വരെ ജസ്റ്റിസ് സിറിയകോ അഡ്വ: സൈബിയോ ഇതിനോട് പ്രതികരിച്ചതായി കണ്ടില്ല. അതിനാൽ അതിൻ്റെ വിവരങ്ങൾ നേരിട്ട് ശേഖരിക്കാൻ തന്നെ തീരുമാനിച്ചു.
"ഉളുപ്പ്" എന്ന മൂന്നക്ഷരം ഉണ്ടെങ്കിൽ സൈബിയുടെ പങ്കു കച്ചവടക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫും രാജിവെച്ച് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വരും. എന്ത് വേണമെന്ന് "ഏമാന്" തീരുമാനിക്കാം.


Click it and Unblock the Notifications