സർക്കാർ ജീവനക്കാർക്ക് ആശ്വാസം; മൂന്ന് ശതമാനം ഡിഎ കൂട്ടി..ഈ മാസത്തെ ശമ്പളത്തോടൊപ്പം കിട്ടും
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ, ഡിആർ വധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. മൂന്ന് ശതമാനത്തിൻ്റെ വർധനവാണ് വരുത്തിയത്. ഈ മാസത്തെ ശമ്പളത്തോടൊപ്പം വർധിപ്പിച്ച ഡിഎയുടെ ആദ്യ ഘഡു ലഭിക്കും. അവശേഷിക്കുന്നത് മാർച്ചിലും നൽകും. നിലവിൽ 22 ശതമാനമാണ് ഡിഎ. ഇത് 25 ശതമാനമാക്കിയതാണ് ഉയർത്തിയത്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും അവശേഷിക്കുന്ന ഡിഎ ഡിആർ കുടിശിക പൂർണമായി നൽകുമെന്ന് ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്. 12ാമത് കമ്മീഷൻ റിപ്പോർട്ട് 3 മാസത്തിനകം സമർപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

കഴിഞ്ഞ ശമ്പളപരിഷ്കരണ സമയത്ത് അടിസ്ഥാനശമ്പളത്തിന്റ 1.37 മടങ്ങ് കണക്കാക്കിയാണ് പുതിയ ശമ്പളം നിശ്ചയിച്ചത്. അന്ന് 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റും ചേർത്ത് 37 ശതമാനം വർധനയാണുണ്ടായത്. ഇത്തവണ 38 ശതമാനമായിരിക്കും വർധനവ് എന്നാണ് സൂചന. അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങായിരിക്കും പുതിയ അടിസ്ഥാന ശമ്പളം. ഇതുപ്രകാരം 31,740 രൂപയായിരിക്കും കുറഞ്ഞ അടിസ്ഥാനശമ്പളം.
കേന്ദ്രസർക്കാർ ജീവനക്കാരും പ്രതീക്ഷയിൽ
എട്ടാം ശമ്പള കമ്മീഷൻ്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകാണ് കേന്ദ്രസർക്കാർ ജീവനക്കാർ. കഴിഞ്ഞ വർഷം നവംബർ മൂന്നിനാണ് കമ്മീഷനെ സർക്കാർ പ്രഖ്യാപിച്ചത്. രൂപീകരിച്ച് 18 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണം, 2027 പകുതിയോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, 2026 ജനുവരി 1 മുതൽ ശുപാർശകൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യം. കാലതാമസം ഉണ്ടായാൽ കുടിശ്ശിക നൽകിയേക്കാം.
സാധ്യമായ ഫിറ്റ്മെന്റ് ഫാക്ടറിനെക്കുറിച്ച് ജീവനക്കാർക്കും യൂണിയനുകൾക്കുമിടയിൽ സജീവ ചർച്ച നടക്കുന്നുണ്ട്. ഇത് 2.0-നും 2.86-നും ഇടയിലാകുമെന്നാണ് പ്രതീക്ഷ. അതിലൂടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനുകളിലും 30-40% വർദ്ധനവുണ്ടാകാം. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000-ൽ നിന്ന് ഏകദേശം 30,000 രൂപയോ അതിൽ കൂടുതലോ ആകാം. ഡിഎ നിലവാരം, പണപ്പെരുപ്പം, സർക്കാർ സാമ്പത്തികം, യൂണിയൻ ആവശ്യങ്ങൾ എന്നിവയെല്ലാം അന്തിമ തീരുമാനത്തെ സ്വാധീനിക്കും.
2025 ഡിസംബർ 31-ന് ഏഴാം ശമ്പള കമ്മീഷൻ അവസാനിച്ചതിന് പിന്നാലെയാണ് എട്ടാം കമ്മീഷൻ രൂപീകരിച്ചത്. നിലവിലെ ജീവിതച്ചെലവും സാമ്പത്തിക സാഹചര്യങ്ങളുമനുസരിച്ച് ശമ്പളവും ആനുകൂല്യങ്ങളും ക്രമീകരിക്കുക എന്നതാണ് ലക്ഷ്യം. ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ലഭിക്കും.












Click it and Unblock the Notifications