ദളിത് ഹര്‍ത്താലിനോട് അയിത്തം; വ്യാപക പ്രതിഷേധം
കോഴിക്കോട്: ദളിത് സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് അയിത്തം പ്രഖ്യാപിക്കുന്ന നിലപാടുമായ് കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസ് ഉടമകളും വ്യാപാരികളും രംഗത്തെത്തിയത് വിമര്‍ശന വിധേയമാകുന്നു. ആള്‍ബലമില്ലാത്ത പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലിനോട് പോലും സഹകരിക്കുന്ന സംഘടനകളാണ് ദളിത് ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ മുന്‍വിധിയോടെ രംഗത്തിറങ്ങിയത്.
ഹര്‍ത്താലിനെതിരെ ജനവികാരം ഇളക്കിവിടുകയെന്ന ദുരുദ്ദേശത്തോടെ സംസ്ഥാന ഇന്റലിജന്‍സിന്റെ പേരില്‍ വ്യാപകമായി വ്യാജ റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഹര്‍ത്താലില്‍ വ്യാപകമായ അക്രമത്തിന് ചില നേതാക്കളും സംഘടനകളും ആഹ്വാനം ചെയ്‌തെന്നും ഹര്‍ത്താലിന് പിന്നില്‍ മാവോയിസ്റ്റ് സ്വാധീനമുണ്ടെന്നുമാണ് ഇത്തരം വാര്‍ത്തകളില്‍ നിറയുന്നത്. ഇത് സമാധാനപരമായ ഹര്‍ത്താലിനെ പരാജയപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണെന്ന് സംഘടനാ നേതാക്കള്‍ പ്രതികരിച്ചു.

ഇന്നത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കിയത് ദളിത് വിഷയങ്ങളോട് ഭരണതലത്തിലുള്ള സമീപനത്തിന്റെ തെളിവാണെന്ന് ദളിത് സംഘടനകള്‍ ആരോപിക്കുന്നു. ഇന്ന് സര്‍വീസുകള്‍ നടത്തുമെന്നാണ് കോര്‍പറേഷന്‍ വ്യക്തമാക്കിയത്. പതിവുപോലെ ജോലിക്കെത്തുവാന്‍ ജീവനക്കാരോട് കെ എസ് ആര്‍ ടി സി എം ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സര്‍ക്കാറിന്റെ അറിവോടെയാണെന്ന് ദളിത് നേതാക്കള്‍ പറയുന്നു. സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡിയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് സര്‍വീസ് നടത്തുമെന്ന് സ്വകാര്യബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു. വ്യാപാരികളുടെയും ബസ് ഉടമകളുടെയും നിലപാടിനെതിരെ വിവിധ ദളിത് നേതാക്കള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ദളിത് ഹര്‍ത്താല്‍ തള്ളിക്കളയാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ബസ് ഓണേഴ്‌സ് അസോസിയേഷന്റെയും നിലപാടുകള്‍ അപലപനീയമാണെന്നാണ് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്റെ പ്രതികരണം.
സാധാരണക്കാരോടുള്ള പണം കൊണ്ട് ജീവിക്കുന്നവരാണ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍. അവര്‍ ബസ് നിരത്തിലിറക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ധന്യ പറയുന്നത്. ബസ്സുകള്‍ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കരുതെന്ന് നേരത്തെ ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബസ് കത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗീതാനന്ദന്‍ തന്നെ വ്യക്തമാക്കി.
അതേസമയം എന്‍ ഡി എ ഘടകകക്ഷിയായ സി കെ ജാനുവും പാര്‍ട്ടിയും വിഷയത്തില്‍ വ്യക്തമായ നിലപാട് എടുക്കാത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഭൂഅധികാര സംരക്ഷണ സമിതി, കെ പി എം എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി എച്ച് ആര്‍ എം, സി എസ് ഡി എസ്, കേരള ദളിത് മഹാസഭ, ദളിത്ആദിവാസി മുന്നേറ്റ സമിതി, ഡി സി യു എഫ്, ബി എസ് പി, ആര്‍ എം പി, എന്‍ ഡി എല്‍ എഫ്, എ കെ സി എച്ച് എം എസ്, എന്‍ എ ഡി ഒ, കെ ഡി എഫ്, കെ എ ഡി എഫ്, ആദിജനമഹാസഭ, ഐ ഡി എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്‌റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പ ഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി പി ഐ എം എല്‍, റെഡ് സ്റ്റാര്‍, എസ് സി/എസ് ടി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, മലവേട്ടുവ സമുദായ സംഘം, ഡി എസ് എസ്, കേരള ചേരമര്‍ സംഘം, എന്‍ സി എച്ച് ആര്‍ ഒ, പെമ്പിളെ ഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലില്‍ പങ്കെടുക്കും. യാക്കോബ സ' നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ക്ഷീസ് കുറിലോസ്, ദളിത് ലീഗ് സംസ്ഥാന നേതൃത്വം ഉള്‍പ്പെടെ ഹര്‍ത്താല്‍ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications