കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും രോഹിത് വെമുല ആവര്‍ത്തിക്കുമോ? 'എന്റെ ആത്മഹത്യയും കൊലപാതകവും ആഘോഷിക്കരുത്....'

'ഗവേഷണം പാതിവഴിയിൽ വെച്ച് നിർത്തിപ്പോയാലോ ആത്മഹത്യ ചെയ്താലോ ഇവിടത്തെ ഒറ്റ വിദ്യാർത്ഥി സംഘടനകളും അത് ആഘോഷിക്കരുത്.വിദ്യാഭ്യാസ സ്ഥാപനം കൊലപ്പെടുത്തിയ ഒരിരയായി എന്നെ ആരും പ്രശസ്തയാക്കണ്ട.'

  • By Desk
Google Oneindia Malayalam News

കാലടി: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ദളിവ് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ രാജ്യത്തെ കാമ്പസ്സുകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്നാല്‍ ഏറെ പുരോഗമിച്ചു എന്ന് അവകാശപ്പെടുന്ന കേരളത്തിലെ സ്ഥിതിയും അതില്‍ നിന്ന് അത്ര വ്യത്യസ്തമല്ലെന്ന് തന്നെ പറയേണ്ടി വരും.

കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേ,ണ വിദ്യാര്‍ത്ഥി ശ്രീദേവി പിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാകും. തന്റെ ആത്മഹത്യയും കൊലപാതകവും ആരും ആഘോഷിക്കരുത് എന്ന് പറഞ്ഞാണ് ശ്രീദേവ് ആ കുറിപ്പ് തന്റെ ഫേസ്ബുക്ക് വാളില്‍ ഇട്ടത്.

ദളിത് വിഭാഗത്തില്‍ നിന്നുളള തനിക്ക് നേരിടേണ്ടി വന്ന ഓരോ അനുഭവങ്ങളും ശ്രീദേവി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിലും ഗൗരവപ്പെട്ടതാണ്. 2013 ഡിസംബറില്‍ എംഫില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിയ്ക്ക് പ്രവേശനം ലഭിച്ച ശ്രീദേവിയ്ക്ക് കഴിഞ്ഞ ഒമ്പത് മാസമായി ഫെല്ലോഷിപ്പ് കിട്ടിയിട്ടില്ല. ഒന്നരമാസത്തിലേറെയായി ഇതിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ടെങ്കിലും ഒരു കാര്യവും ഉണ്ടായില്ലെന്നാണ് ശ്രീദേവി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

Sreedevi Fb Post

ഒരു ആത്മഹത്യാ കുറിപ്പായിത്തന്നെയാണ് സോഷ്യല്‍ മീഡിയ ഈ കുറിപ്പിനെ പരിഗണിച്ചത്. അവകാശപ്പെട്ട ഫെല്ലോഷിപ്പിന് വേണ്ടി മിടുക്കിയായ ഒരു ദളിത് വിദ്യാര്‍ത്ഥിയ്ക്ക് ഇത്രയേറെ ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നു എന്നത് ദയനീയമാണ്.

ഗവേഷണം പാതിവഴിയിൽ വെച്ച് നിർത്തിപ്പോയാലോ ആത്മഹത്യ ചെയ്താലോ ഇവിടത്തെ ഒറ്റ വിദ്യാർത്ഥി സംഘടനകളും അത് ആഘോഷിക്കരുത്. വിദ്യാഭ്യാസ സ്ഥാപനം കൊലപ്പെടുത്തിയ ഒരിരയായി എന്നെ ആരും പ്രശസ്തയാക്കണ്ട- എന്നും ശ്രീദേവി പറയുന്നുണ്ട്.

ഇതാണ് ശ്രീദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

ആത്മഹത്യ ചെയ്താലോ കൊലപാതകം ചെയ്യപ്പെട്ടാലോ മാത്രം
വാർത്തയാകുന്ന വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ സംഘടനകളും ഏറ്റെടുത്തേക്കാവുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.
2013 ഡിസംബർ 4ന് എം.ഫിൽ ഇന്റഗ്രേറ്റഡ് പിഎച്ച് ഡിക്ക് UGC JRF ഉള്ളതുകൊണ്ടു മാത്രം പ്രവേശനം ലഭിച്ച ഒരു ദളിത് വിദ്യാർത്ഥിനിയാണ്. അങ്ങിനെ പറയേണ്ടി വരുന്നത് ഒരു ദളിത് വിദ്യാർത്ഥിനി അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ അസമത്വങ്ങൾക്കുള്ളിൽ ജീവിക്കുന്നതു കൊണ്ടു തന്നെയാണ്.
വലിയൊരു സൈദ്ധാന്തികയാകണമെന്നോ പി എച്ച് ഡി എടുത്ത് ഡോക്ടർ എന്ന പദവി പേരിനോടു ചേർത്ത് വെക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമ്മല്ല; പഠിക്കാൻ ഏറെ താല്പര്യമുള്ളതുകൊണ്ടാണ് പഠിക്കാനിറങ്ങി പുറപ്പെട്ടത്.

യു.ജി.സി അനുവദിച്ചിട്ടുള്ള കാലയളവിൽ ഗവേഷണം പൂർത്തിയാക്കണമെന്ന ആത്മായ ആഗ്രഹം പോയിട്ട് തുടർ പഠനം പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്കയിലാണ്. ഒൻപതു മാസമായി ഫെല്ലോഷിപ്പ് കിട്ടിയിട്ട്. ഫെല്ലോഷിപ്പിന് അപേക്ഷ നൽകി ഓഫീസ് കയറിയിറങ്ങി നടക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു മാസവും ഇരുപതു ദിവസവും തികയുന്നു. ഇതൊക്കെ അവരുടെ ശമ്പളത്തിൽ നിന്നും എടുത്തു തരുന്നതാണെന്നാണ് ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ പൊതുവേയുള്ള ഭാവം.( ചില മനുഷ്യൻമാരൊക്കെ അവിടെയും ഉണ്ടെന്ന സത്യം മറക്കുന്നില്ല.)
ഈ സർവ്വകലാശാലക കെട്ടിടം പണിയാൻ വേണ്ടി മാത്രം നടത്തുന്നതാണോ എന്ന ഒരു സംശയം മുന്നോട്ട് വെയ്ക്കുന്നു.
മുന്നറിയിപ്പ്:
ഗവേഷണം പാതിവഴിയിൽ വെച്ച് നിർത്തിപ്പോയാലോ ആത്മഹത്യ ചെയ്താലോ ഇവിടത്തെ ഒറ്റ വിദ്യാർത്ഥി സംഘടനകളും അത് ആഘോഷിക്കരുത്.
വിദ്യാഭ്യാസ സ്ഥാപനം കൊലപ്പെടുത്തിയ ഒരിരയായി എന്നെ ആരും പ്രശസ്തയാക്കണ്ട.
മൂന്നു നാലു കൊല്ലമായി ഇതേ കഷ്ടതകളോട് ഏറ്റുമുട്ടി ഈ സർവകലാശാലയിൽ തന്നെ ജീവിക്കുന്ന ഒരു വളാണ്.
എന്തായാലും അകമഴിഞ്ഞ നന്ദിയുണ്ട്.
അങ്ങ് കേന്ദ്രത്തിലെ പ്രജാപതിക്ക് തൊട്ട് ഇവിടത്തെ അധികാരികൾക്കും ഉദ്യോഗസ്ഥർക്കും.
പിന്നെ എന്നെ ഞാനാക്കിയ എന്റെ ഇല്ലായ്മകൾക്കും.
നന്ദി -
എത്ര അലക്കിയിട്ടും പോകാൻ കൂട്ടാക്കാതെ ഒരു കലാബോധവുമില്ലാണ്ട് വെള്ള ഷർട്ടിൽ അവിടവിടെ പരുന്നു കിടന്ന കരിമ്പൻ കുത്തുകൾക്ക്...
കീറിപ്പോയ കോളറുകളെ വിട്ടുപോയ ബട്ടനുകളെ ചേർത്ത് തുന്നിയ നൂലുകൾക്ക്....
വലുപ്പങ്ങൾ ചെറുതാക്കിയതുകൊണ്ട് മാത്രമല്ല, ചില വലുപ്പങ്ങൾ ഉള്ളിലുള്ളതുകൊണ്ടും " പാകമായാൽ മാത്രമിട്ടാമതീന്ന് " പറഞ്ഞ് അയൽപക്കത്തെ ഉമ്മ തന്ന മുട്ടിനിടിയിലേയ്ക്ക് നീണ്ടു കിടന്ന യൂണിഫോം പാവാടയ്ക്ക്.....
ആരോ പഠിച്ച് ബാക്കി വെച്ച പുസ്തകങ്ങളെ നനയ്ക്കാതെ കാത്ത കവറുകൾക്ക് ....
ഭൂപടങ്ങളിലെ നീല സമുദ്രങ്ങളെ മറക്കാതിരിക്കാൻ സൂചനകൾ നല്കികൊണ്ടേയിരുന്ന വീവാറു ചെരുപ്പിന്.... ചെരുപ്പിനിട ഭാഗം താങ്ങി ഓരോ നടത്തത്തിലും വീഴാതെ പിടിച്ചു നിർത്തിയ സൂചികൾക്ക്....
വരാന്തയിൽ ഈച്ചകൾക്കൊപ്പമിരുന്ന് തിന്നു തീർത്ത എലിക്കാട്ടവും പുഴുവും ഒളിഞ്ഞിരുന്ന് പലിളിച്ച ചോറിനും കഞ്ഞിപ്പയറിനും..... മഞ്ഞയും ചുവപ്പും കറുപ്പും നിറത്തിൽ ചോറ്റുപാത്രത്തിൽ ഒറ്റയൊറ്റയായി കിടന്ന പുഴുത്ത മണമുള്ള റേഷനരിക്ക്....
അമ്പതു പൈസയുടെ ജ്യോതിയച്ചാറിന് ..... ഉപ്പും മുളകും മാത്രം അരച്ച് തേഞ്ഞു പോയ അമ്മിക്കല്ലിന്.....
ബെഞ്ചിനറ്റത്ത് ചുമർ മൂലകളിലേയ്ക്ക് തള്ളി ബാഗുകൾ കൊണ്ട് അതിർത്തി തീർത്ത് ഉടൽ രാഷ് ട്രീയം പഠിപ്പിച്ച് തന്ന സഹപാഠികൾക്ക്...
എത്ര മാർക്കുണ്ടായിട്ടും ഒരിക്കൽ പോലും മെറിറ്റിൽ അഡ്മിഷൻ തരാതെ ക്ലാസ്സിലെ നോട്ടപ്പുള്ളികളാക്കുന്ന ചില സംവരണ ക്രമങ്ങൾക്ക്....
"നിങ്ങളൊന്നും പഠിക്കാനല്ല ഗ്രാന്റ് വാങ്ങാൻ
വരണതല്ലേന്ന് " പലതവണ പ്രോൽസാഹിപ്പിച്ച അദ്ധ്യാപകർക്ക് .....
ഓരോ പുതിയ കോഴ്സിനു ചേരുമ്പോഴും "എന്തിനാ ശ്രീധരാ ഈ പെങ്കുട്ട്യോളെ ഇങ്ങനെ പഠിപ്പിക്കണേ വല്ല സൂപ്പർമാർക്കറ്റിലോ തുണിക്കടേലോ പണിക്ക് പറഞ്ഞാച്ചൂടേന്ന് " ചോദിക്കണ നാട്ടിലെ പ്രമാണിമാർക്ക് .....
സർക്കാർ അടച്ചു തീർക്കാത്ത ഹോസ്റ്റൽ റെന്റിനും മെസ്സ് ബില്ലിനും പട്ടിണിക്കിട്ട് പ്രതികാരം വീട്ടിയ മേട്രൻമാർക്കും മെസ്സ് കമ്മിറ്റിക്കാർക്കും .....
എന്നെങ്കിലും ഒരു മെറിറ്റു സീറ്റിൽ അഡ്മിഷൻ കിട്ടണമെന്ന ആഗ്രഹത്തോടെ പാതിരാത്രികളിൽ കുത്തിയിരുന്ന് വായിച്ചും പഠിച്ചും എഴുതി ജെ.ആർ.എഫ് മേടിച്ച സന്തോഷം പങ്കുവെച്ചപ്പോ " നിങ്ങക്ക് കൊറച്ച് മാർക്ക് മതീല്ലോ, ഞങ്ങളെപ്പോലെയല്ലല്ലോ" എന്ന് അനുമോദിച്ച സഹപാഠികൾക്ക് .....
പിന്നെ എട്ടും ഒമ്പതും മാസമൊക്കെ ഫെല്ലോഷിപ്പ് തരാതെ ആത്മഹത്യയിലേയ്ക്കുള്ള ദൂരത്തിലേയ്ക്ക് ഓടിയെത്തുമോയെന്ന് പരീക്ഷിക്കുന്ന യു.ജി.സിക്ക്..
അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത നന്ദിയുണ്ട് ; പലരോടും പലതിനോടും
ഇത്രയൊക്കെ പഠിച്ച സ്ഥിതിക്ക് ഒരു സിദ്ധാന്തം കൂടി പറഞ്ഞില്ലെങ്കിൽ മോശമല്ലേ ....????
" വ്യക്തിനിഷ്ഠമായതും രാഷ് ട്രീയമാണ്. " (The personal is political )

English summary
Dalit PhD Scholar's Suicide Note alike Facebook post revealing the injustice towards them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X