ക്ലോസറ്റില്‍ പ്രസവിക്കുന്നതും സാധാരണമാണ്; വിമാനത്തിലും ബസിലും ആകാമെങ്കില്‍ ക്ലോസറ്റിലായാല്‍ എന്താ?
പ്രസവം ബസ്സിലാകാം, ബസ് സ്‌റ്റോപ്പിലാകാം, വിമാനത്തിലാകാം. എവിടെ വേണമെങ്കിലും പ്രസവിക്കാം.
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ച സംഭവത്തില്‍ ഡോക്ടര്‍ നല്‍കിത് വിചിത്ര വിശകലനം. പ്രസവം ബസ്സിലാകാം, ബസ് സ്‌റ്റോപ്പിലാകാം, വിമാനത്തിലാകാം. എവിടെ വേണമെങ്കിലും പ്രസവിക്കാം. ക്‌ലോസറ്റില്‍ പ്രസവിക്കുന്നത് സാധാരണ സംഭവമെന്നാണ് ഡോക്ടര്‍ യുവതിയ്ക്കും ബന്ധുക്കള്‍ക്കും നല്‍കിയ മറുപടി. മഞ്ചേരി കാരശ്ശേരി സ്വദേശിനിയായ യുവതിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്.
വെള്ളിയാഴ്ച്ച രാവിലെയാണ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവവേദന വന്നപ്പോള്‍ അറിയിച്ചെങ്കിലും നേഴ്‌സുമാര്‍ അത് മുഖവിലക്കെടുത്തില്ല. മൂത്രം ഒഴിക്കാത്തതിനാലുള്ള ശാരീരിക അസ്വാസ്ഥ്യമാകാം വേദനയെന്നായിരുന്നു നേഴ്‌സുമാരുടെ മറുപടി. തുടര്‍ന്ന് യുവതിയെ നേഴ്‌സുമാര്‍ കക്കൂസിലേക്ക് പറഞ്ഞക്കുകയായിരുന്നു. സംഭവസമയത്ത് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. യുവതി പ്രസവിച്ച് കഴിഞ്ഞ ഏറെ സമയം കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്.

ബാത്ത്‌റൂമില്‍ കൊണ്ടുപോയി
വെള്ളിയാഴ്ച്ച രാത്രി എഴു മണിയാകുമ്പോള്‍ കുട്ടിയുടെ തുടിപ്പ് നോക്കാനെന്ന് പറഞ്ഞ് ലേബര്‍ റൂമില്‍ ചെല്ലാന്‍ പറഞ്ഞു. റൂമില്‍ ചെന്ന് നേഴ്‌സ് തുടിപ്പ് നോക്കിയപ്പോള്‍ കുട്ടിയ്ക്ക് ശരിയ്ക്ക് തുടിപ്പുണ്ടായിരുന്നില്ല. അപ്പോള്‍ മൂത്രം എപ്പോഴാണ് ഒഴിച്ചതെന്ന് നേഴ്‌സ് ചോദിച്ചു. ഉച്ചയ്ക്കാണ് മൂത്രമൊഴിച്ചതെന്ന് യുവതി പറഞ്ഞപ്പോള്‍ മൂത്രം കെട്ടിനിന്നാണ് കുട്ടിയുടെ തുടിപ്പ് കാണാത്തതെന്ന് നേഴ്‌സ് പറഞ്ഞു. തുടര്‍ന്ന് മൂത്രമൊഴിക്കാന്‍ വേണ്ടി യുവതിയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി. ഇരിക്കാന്‍ വയ്യാത്തതിനാല്‍ നിന്നാണ് മൂത്രമൊഴിക്കാന്‍ നോക്കിയത്. ഇതിനിടെ അവള്‍ പ്രസവിച്ചു.

റൂമിലേക്ക് കൊണ്ടുപോയില്ല
ആശുപത്രി ജീവനക്കാരാരും ഞങ്ങളെ സഹായിക്കാന്‍ എത്തിയിരുന്നില്ല. ആ റൂമിലുള്ള ആള്‍ക്കാരാണ് ഞങ്ങളെ സഹായിച്ചത്. ബഹളം കേട്ടിട്ട് സെക്യൂരിറ്റി മാത്രമാണ് അവിടെയെത്തിയത്. പ്രസവിച്ച അമ്മയെ റൂമിലേക്ക് കൊണ്ടുപോകാന്‍ പോലും ആശുപത്രി അധികൃതര്‍ എത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

നേഴ്‌സുമാരുടെ തെറ്റല്ല
ഗര്‍ഭപാത്രം പെട്ടെന്ന് വികസിച്ചതുകൊണ്ടാണ് യുവതി പ്രസവിച്ചതെന്നും അല്ലാതെ നേഴ്‌സുമാരുടേയോ ഡോക്ടര്‍മാരുടേയോ കുഴപ്പം കൊണ്ടല്ലെന്നായിരുന്നു സംഭവത്തില്‍ ഡോക്ടറുടെ പ്രതികരണം.

കെകെ ശൈലജ
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ദളിത് യുവതിയ്ക്ക് നേരിട്ട ദുരനുഭവത്തില്‍ ആശുപത്രി അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

യുവതി അറിയിച്ചില്ല
ആശുപത്രിയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായില്ലെന്നും പ്രസവ വേദന വന്നത് യുവതി അറിയിച്ചില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് ഡെപ്പ്യൂട്ടി സൂപ്രണ്ടിന്റെ പ്രതികരണം.

ചികിത്സ
അമ്മയും ആണ്‍കുഞ്ഞും ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുഞ്ഞിന് ചെറിയ പരുക്കുകളുണ്ട്.












Click it and Unblock the Notifications