'അഹിന്ദു ആയതിനാൽ അവിടെ കളിക്കാൻ സാധിക്കില്ലത്രേ', ക്ഷേത്ര പരിപാടിയിൽ ഒഴിവാക്കിയെന്ന് മൻസിയ വിപി
ഹിന്ദു മതവിശ്വാസി അല്ലാത്തത് കൊണ്ട് കൂടൽമാണിക്യം ഉത്സവത്തോട് അനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ നിന്നും ഒഴിവാക്കിയതായി പ്രശസ്ത നർത്തകിയായ മൻസിയ വിപി. ഏപ്രിലിൽ നടക്കേണ്ട പരിപാടിയുടെ നോട്ടീസിൽ അടക്കം മൻസിയയുടെ പേര് ഉണ്ടെങ്കിലും പരിപാടി നടത്താൻ സാധിക്കില്ലെന്നാണ് ക്ഷേത്രഭാരവാഹികളിൽ ഒരാൾ വിളിച്ച് പറഞ്ഞത് എന്ന് മൻസിയ പറയുന്നു.
മൻസിയ ഫേസ്ബുക്കിൽ നിന്നും പങ്കുവെച്ച കുറിപ്പ് വായിക്കാം: '' കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ" ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞു കൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ. നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.

വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം.
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..''
മലപ്പുറത്തെ മുസ്ലീം കുടുംബത്തില്‍ നിന്നും ഭരതനാട്യം കലാകാരിയായി വളര്‍ന്ന് വന്ന മന്‍സിയ നേരത്തെ തന്നെ നര്‍ത്തകിയായി ശ്രദ്ധ നേടിയതാണ്. കേരള കലാമണ്ഡലത്തില്‍ നിന്നും നൃത്തത്തില്‍ എംഫില്‍ എടുത്തിട്ടുണ്ട് മന്‍സിയ. ഭരതനാട്യം തിരഞ്ഞെടുത്തതിന്റെ പേരില്‍ സ്വസമുദായത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ മന്‍സിയയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നിരുന്നു. അതേസമയം കുടുംബത്തിന്റെ വലിയ പിന്തുണ മൻസിയയ്ക്ക് ഉണ്ട്. സഹോദരി റൂബിയയും നർത്തകിയാണ്.












Click it and Unblock the Notifications