ജോര്‍ജ് പറഞ്ഞ നന്ദകുമാറിന്റെ ചാരന്‍ തിരുവഞ്ചൂരോ?
തിരുവനന്തപുരം: വിവാദ ദല്ലാള്‍ ടിജി നന്ദകുമാറിന് വേണ്ടി ചാരപ്പണി ചെയ്യാന്‍ മന്ത്രിസഭയില്‍ ഒരു മന്ത്രി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ഡേറ്റ സെന്റര്‍ കൈമാറ്റം സിബിഐ അന്വേഷിക്കണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയ കാര്യം നന്ദകുമാര്‍ അറിഞ്ഞത് ആ മന്ത്രിയിലൂടെയാണെന്നും ഈ വിവരമാണ് സുപ്രീകോടതിയില്‍ ഉപയോഗിച്ചതെന്നും ജോര്‍ജ് ആരോപിച്ചു.
സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലെ മന്ത്രിയാണ് നന്ദകുമാറിനെ സഹായിക്കുന്നതെന്നാണ് ജോര്‍ജ് പറഞ്ഞത്. എന്നാല്‍ അതാരാണെന്ന് വ്യക്തമാക്കിയില്ല. അക്കാര്യം മാധ്യമങ്ങള്‍ കണ്ടുപിടിച്ചുകൊള്ളുമെന്ന് ജോര്‍ജ് പറഞ്ഞു.

എന്നാല്‍, തന്നെ ആരും സഹായിച്ചിട്ടില്ലെന്നും, തിരുവഞ്ചൂരിനെ ഉദ്ദേശിച്ചാണ് ജോര്‍ജ് പ്രസ്താവന നടത്തുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു. തനിക്ക് തിരുവഞ്ചൂരുമായി നല്ല ബന്ധമുണ്ട്. പക്ഷേ വഴിവിട്ട സഹായമൊന്നും അദ്ദേഹം ചെയ്തു തന്നിട്ടില്ലെന്നും മന്ത്രി സഭാ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അറിയിച്ചതുമില്ലെന്നും വ്യക്തമാക്കിയ നന്ദകുമാര്‍ ആരോപണം പിസി ജോര്‍ജ് തെളിയിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ചാരപ്പണി നടത്തുന്നതാരാണെന്ന് ജനത്തിനറിയാമെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി പിസി ജോര്‍ജ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
സിബിഐ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു എന്ന കാര്യം വിമാനത്തില്‍ ജീവിക്കുന്ന നന്ദകുമാര്‍ എങ്ങനെ അറിഞ്ഞെന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം. കേസ് സിബിഐ അന്വേഷിക്കുന്നില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.
വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഡേറ്റ സെന്ററിന്റെ നടത്തിപ്പ് ടിജി നന്ദകുമാര്‍ ഇടപെട്ട് റിലയന്‍സിന് കൈമാറി എന്നാണ് കേസ്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിസി ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications