ഈന്തപ്പഴം വിതരണത്തിന് നിര്‍ദേശിച്ചത് ശിവശങ്കറെന്ന് രേഖകള്‍
തിരുവനന്തപുരം: യുഎഇ കോണ്‍സിലേറ്റില്‍ നിന്നുള്ള ഈന്തപ്പഴം സാമൂഹ്യ നിതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തത് ഐടി സ്ക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് രേഖകള്‍. 3984 പേര്‍ക്ക് 250ഗ്രാം വീതം 9973 കിലോ ഈന്തപ്പഴമാണ് സ്ഥാപനങ്ങളില്‍ വിതരണം ചെയ്തതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ ഈന്തപ്പഴം വിതരണം ചെയ്തിരിക്കുന്നത്.1257 കിലോ ഈന്തപ്പഴമാണ് തൃശൂരില്‍ വിതരണം ചെയ്തത്. എറ്റവും കുറവ് ആലപ്പുഴയില്‍ 234 കിലോ. സാമൂഹ്യ നീതി വകുപ്പിനോട് ഐടി സെക്രട്ടറി ഈന്തപ്പഴ വിതരണത്തിന് നിര്ദേശിശിച്ചതിന്റെ കാരണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്.
17000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ യുഎഇയില്‍ നിന്ന് എത്തിച്ച ശേഷം പുറത്ത് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നതായാണ് കസ്റ്റംസ് വിലയിരുത്തല്‍. സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തതിന് പുറമേ സ്വപ്നക്കു പരിചയമുള്ള ഉദ്യോഗസ്ഥര്‍ക്കും ഈന്തപ്പഴം വിതരണം ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
മൂന്ന് വര്‍ഷം കൊണ്ടാണ് 17000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണീജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് .
സ്വര്‍ണ്ണക്കടത്തു കേസിലുണ്ടായ ആരോപണങ്ങളെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ശിവശങ്കറിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു വരുകയാണ് . മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറിലേക്ക് ആരോപണങ്ങള്‍ തിരിഞ്ഞതോടെ സര്‍ക്കാരിനെയും കേസ് പ്രതിരോധത്തിലാക്കി. നിലവില്‍ സ്വര്‍ണ്ണക്കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകളാണ് കേന്ദ്ര ഏജന്‍സികള്‍ പുറത്തു കൊണ്ടുവരുന്നത്.