വെടിയേറ്റ് അച്ഛന്‍ എന്റെ തോളിലേക്കു ചാഞ്ഞു; മക്കള്‍ ഉറക്കെ കരഞ്ഞു; നടുക്കുന്ന ഓര്‍മകളില്‍ ആരതി
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മകളില്‍ വേദനിക്കുകയാണ് രാജ്യം മുഴുവന്‍. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ വെടിയേറ്റു വീണതിന്റെ ആഘാതം വിവരിക്കാനാകാതെ പലരും മാധ്യമങ്ങള്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ആഹ്‌ളാദ നിമിഷങ്ങള്‍ ഒരുനിമിഷം കൊണ്ട് കണ്ണീരില്‍ അവസാനിച്ചത് കുടുംബാംഗങ്ങളില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിയും നടുക്കുന്ന ആ അനുഭവത്തില്‍ നിന്നു മുക്തമായിട്ടില്ല. അച്ഛന്‍ കണ്‍മുന്നില്‍ ഭീകരരുടെ വെടിയേറ്റു വീണിട്ടും രക്ഷിക്കാനാവാത്തതിന്റെ സങ്കടം ആരതി വണ്‍ഇന്ത്യ മലയാളത്തോടു പങ്കുവെച്ചു. അച്ഛന്‍ മരിച്ചെന്നു തിരിച്ചറിഞ്ഞതോടെ സമചിത്തത കൈവിടാതെ മക്കളെ രക്ഷിക്കാനായിരുന്നു ആരതി ശ്രമിച്ചത്.
കൊച്ചിയില്‍ നിന്ന് ഏറെ ആഹ്‌ളാദത്തോടെ കാശ്മീരിലേക്കു പോയ ആരതിയുടെ കുടുംബം മടങ്ങിയെത്തിയത് ഗൃഹനാഥന്റെ മൃതദേഹവുമായിട്ടാണ്. കണ്ണീര്‍ തോരാതെ ആരതിയും ആറു വയസ് മാത്രമുള്ള ഇരട്ട മക്കളും രാമചന്ദ്രന്റെ ഭാര്യയും ആ മൃതദേഹത്തെ അനുഗമിച്ചു. തങ്ങള്‍ കടന്നുപോയ നടുക്കുന്ന അനുഭവം ആരതി വണ്‍ഇന്ത്യ മലയാളത്തോട് പങ്കുവെച്ചു.

'ആക്രമണം ഉണ്ടാകുമ്പോള്‍ മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ബൈസരണിലെ താഴ്‌വരയിലായിരുന്നു ഞങ്ങള്‍ നിന്നത്. അമ്മ ഷീല ഹോട്ടല്‍ മുറിയിലായിരുന്നു. വെടിയൊച്ച കേട്ടപ്പോള്‍ തീവ്രവാദ ആക്രമണമാണെന്ന് പെട്ടെന്ന് മനസിലായി. ഞങ്ങള്‍ എല്ലാവരും ചിതറിയോടി. ആദ്യം ടോയ്‌ലറ്റ് പോലൊരു സ്ഥലത്ത് ഞങ്ങള്‍ ഒളിച്ചുനിന്നു. മൊബൈലില്‍ വിളിക്കാന്‍ നോക്കിയപ്പോള്‍ റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല. അവിടെ നിന്ന് ഞങ്ങള്‍ പുല്‍ത്തകിടിക്ക് അതിരിടുന്ന വനത്തിന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ ഒരു ഭീകരന്‍ ഇറങ്ങി വന്ന് വെടിയുതിര്‍ത്തു.
അയാളെ കണ്ട് ഞങ്ങളെല്ലാം ഒരു നിമിഷം മരവിച്ചുപോയി. നിലത്ത് കിടക്കാന്‍ എല്ലാവരും പറയുന്നുണ്ടായിരുന്നു. ഇരട്ടക്കുട്ടികളെ ചേര്‍ത്ത് പിടിച്ച് ഞാന്‍ നിലത്തുകിടന്നു. ഭീകരന്‍ ഓരോരുത്തരുടെയും അടുത്തുവന്ന് എന്തോ ചോദിച്ചുകൊണ്ട് വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. അച്ഛന്റെ അടുത്തും വന്ന് അയാള്‍ 'കലിമ' എന്നു പറഞ്ഞു. അച്ഛന് ആ വാക്ക് എന്താണെന്ന് മനസിലായില്ല. പിന്നാലെ അച്ഛനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അച്ഛന്‍ എന്റെ തോളിലേക്കു ചാഞ്ഞു. അച്ഛന്റെ ജീവന്‍ പെട്ടെന്ന് നഷ്ടപ്പെട്ടതായി എനിക്കു മനസിലായി. ചോര ഒഴുകുന്നുണ്ടായിരുന്നു. എന്റെ തലയിലും തോക്ക് കൊണ്ട് കുത്തി. കുട്ടികള്‍ ഉറക്കെ കരയാന്‍ തുടങ്ങി. അതോടെ അയാള്‍ പിന്മാറി. അച്ഛനെ രക്ഷിക്കാന്‍ കഴിയില്ലെന്നു മനസിലായതോടെ പിന്നീട് കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കാനായിരുന്നു ശ്രമം. തുടര്‍ന്ന് അവരേയും കൊണ്ട് പൈന്‍മരങ്ങള്‍ക്ക് ഇടയിലൂടെ ഒരു മണിക്കൂറോളം താഴേക്ക് ഓടുകയായിരുന്നു.
താഴേക്ക് ചെന്നപ്പോഴും കുറേ നേരത്തേക്ക് മൊബൈലിന് റേഞ്ച് ലഭിച്ചില്ല. പൊലീസുകാരൊക്കെ ഓടുന്നുണ്ടായിരുന്നു. അവര്‍ക്കു പിന്നാലെ ഓടിയപ്പോഴാണ് ആളുകളൊക്കെയുള്ള വഴിയില്‍ എത്തിയത്. പിന്നീട് സൈനിക ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ അവരോട് കാര്യം പറഞ്ഞു. റേഞ്ച് കിട്ടിയപ്പോള്‍ തങ്ങള്‍ വന്ന വാഹനത്തിന്റെ കാശ്മീര്‍ സ്വദേശിയായ ഡ്രൈവര്‍ മുസാഫിറിനെ വിളിച്ചു. പ്രദേശവാസികളുടെ പിന്തുണയാണ് ആശ്വാസമായത്. സഹോദരങ്ങളെപ്പോലെയാണ് അവിടെ സഹായിച്ച രണ്ടു ഡ്രൈവര്‍മാരും പെരുമാറിയത്. അച്ഛന്റെ മൃതദേഹവുമായി എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ അള്ളാഹു അവരെ രക്ഷിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു.
അച്ഛന്‍ മരിച്ച കാര്യം അമ്മയോട് ആദ്യം പറഞ്ഞിരുന്നില്ല. അച്ഛനു പരുക്ക് പറ്റിയെന്ന് മാത്രമാണ് അമ്മയോട് ആദ്യം പറഞ്ഞിരുന്നത്. അര്‍ധരാത്രി മോര്‍ച്ചറിയില്‍ പോയാണ് അച്ഛനെ തിരിച്ചറിഞ്ഞ് - ആത്മധൈര്യം കൈവിടാതെയാണ് ആരതി വണ്‍ഇന്ത്യ മലയാളത്തോട് തനിക്കു നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപാട് സഹായിച്ചതായും ആരതി പറഞ്ഞു.


Click it and Unblock the Notifications