തുണി കൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണി കൊണ്ട് ആദരവ്, നൗഷാദിനെ തുണിയിൽ വരച്ച് ഡാവിഞ്ചി സുരേഷ്
കൊച്ചി: ദുരിതങ്ങള്‍ കണ്ണ് നിറയ്ക്കുന്നത് സാധാരണം.കോഴിക്കോട് മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാനിറങ്ങി ജീവന്‍ വെടിഞ്ഞ് ഒരു നൗഷാദ് മലയാളിയെ നേരത്തെ കരയിച്ചിട്ടുണ്ട്. എന്നാല്‍ നന്മ കൊണ്ട് മലയാളിയെ കരയിച്ചിരിക്കുകയാണ് കൊച്ചി ബ്രോഡ് വേയിലെ വഴിയോര വ്യാപാരിയായ മറ്റൊരു നൗഷാദ്. പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്വന്തം കടയില്‍ നിന്ന് ചാക്ക് കണക്കിന് വസ്ത്രം വാരിക്കോരി നല്‍കുകയായിരുന്നു നൗഷാദ്.
നടന്‍ രാജേഷ് ശര്‍മ്മയാണ് നൗഷാദിന്റെ നന്മ പുറംലോകത്തെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് അടക്കം വ്യാജപ്രചാരണങ്ങള്‍ തകര്‍ക്കുന്ന കാലത്ത് നൗഷാദ് വലിയൊരു മാതൃകയായി മാറിയിരിക്കുകയാണ്. നൗഷാദിനെ പോലുളളവരുടെ നന്മയ്ക്ക് കേരളം പകരമെന്ത് കൊടുത്താലും തികയില്ല.

അതിനിടെ നൗഷാദിനെ ഏറെ വ്യത്യസ്തമായ രീതിയില്‍ ആദരിച്ചിരിക്കുകയാണ് പ്രശസ്ത ശില്‍പിയായ ഡാവിഞ്ചി സുരേഷ്. തുണി കൊണ്ട് നൗഷാദിന്റെ വലിയൊരു ചിത്രമാണ് ഡാവിഞ്ചി സുരേഷ് ഒരുക്കിയിരിക്കുന്നത്. പലനിറത്തിലുളള തുണികള്‍ ചേര്‍ത്ത് വെച്ച് കൊണ്ട് നൗഷാദിനെ അമ്പരിപ്പിക്കുന്ന രീതിയിലാണ് ഡാവിഞ്ചി സുരേഷ് വരച്ചിരിക്കുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സഹായം തേടി എത്തിയവര്‍ക്ക് കണക്കൊന്നും നോക്കാതെ വാരിക്കോരി വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിന് ഇങ്ങനെ അല്ലാതെ മറ്റെങ്ങനെയാണ് ആദരവ് അര്‍പ്പിക്കേണ്ടത് എന്നാണ് കേരളം ചോദിക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബൻ, ഗിന്നസ് പക്രു അടക്കമുളളവര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച്
ഡാവിഞ്ചി സുരേഷ് എന്നാണ് കുഞ്ചാക്കോ ബോബനും ഗിന്നസ് പക്രുവും ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications