ഖജനാവ് കാലിയായിട്ടും കൊലയാളികളെ രക്ഷിക്കാൻ പിണറായി ലക്ഷങ്ങൾ ഒഴുക്കുന്നു: സതീശൻ പാച്ചേനി
തലശ്ശേരി: ഖജനാവ് കാലിയെന്ന് വിലപിക്കുന്ന പിണറായി കൊലയാളികളെ രക്ഷിക്കാൻ ലക്ഷങ്ങൾ ഒഴുക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. കോൺഗ്രസിനെ തകർക്കാനുള്ള സിപിഎം ഗൂഢശ്രമത്തിന്റെ ഫലമാണ് ശുഹൈബ് വധം. സിപിഎം നേതൃതലത്തിൽ തന്നെ ആവിഷ്കരിച്ച ഗൂഢപദ്ധതിയാണിത്. രാജ്യത്ത് വർഗീയ ശക്തികൾ കരുത്താർജ്ജിക്കുമ്പോൾ അതിനെ നേരിടാൻ കെൽപ്പുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്.

കോൺഗ്രസ് ഏറ്റവും ശക്തമായി മുമ്പോട്ട് പോവേണ്ട കാലഘട്ടമാണിത്. എന്നാൽ കോൺഗ്രസിനെ അക്രമ - കൊലപാതക രാഷ്ട്രീയത്തിലൂടെ തകർക്കാനാണ് സി പി എം ശ്രമിക്കുന്നത്. അത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു. കണ്ണൂർ ഡിസിസി നടത്തുന്ന നവദർശൻ യാത്രയ്ക്ക് മാഹിപ്പാലത്തിന് സമീപം നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു പാച്ചേനി. വ്യാഴാഴ്ച മാഹി പാലത്തിനടുത്ത് ആരംഭിച്ച പര്യടന പരിപാടി ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എൻ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു.വി.രാധാകൃഷ്ണൻ മാസ്റ്റർ, സജീവ് മാറോളി, വി.എൻ.ജയരാജ്, അഡ്വ.സി.ടി സജിത്ത്, കെ.പി.സാജു, വി.സുരേന്ദ്രൻ മാസ്റ്റർ, പി.സി.ആർ റസാഖ്, കെ.സി.മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, സുരേഷ് ബാബു എളയാവൂർ, വി.വി.പുരുഷോത്തമൻ, വി.സി പ്രസാദ്, കെ.കെ.ഷർമിള തുടങ്ങിയവർ പ്രസംഗിച്ചു. പത്ത് ദിവസങ്ങളിലായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ നവദർശൻ യാത്ര ഇന്ന് വൈകുന്നേരം ആറിന് തലശേരിയിൽ സമാപിക്കും. സമാപന സമ്മേളനം മുൻമന്ത്രി കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications