പാലക്കാട് വിടി അല്ല മറ്റൊരു പേര്..എറണാകുളത്ത് അജയ് തറയിൽ? ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ ഇവർ
തിരുവനന്തപുരം; പുതിയ ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തുന്നതിനായുള്ള ചർച്ചകൾ പൂർത്തിയാക്കി കോൺഗ്രസ്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എംഎൽഎമാരുമായും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗസ്റ്റ് പകുതിയോടെ തന്നെ അന്തിമ പട്ടിക തയ്യാറാക്കുമെന്നാണ് വിവരം. അതേസമയം ആദ്യഘട്ടത്തിൽ ഉയർന്ന പല പേരുകളും അവസാന ഘട്ടത്തിലെത്തിയപ്പോഴും പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് വിശദാംശങ്ങളിലേക്ക്
അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

ഡിസിസി പുന;സംഘടന ജുലൈ പകുതിയോടെ പൂർത്തിയാക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത പിന്നാലെ കെ സുധാകരൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചർച്ചകളൊന്നും മുന്നോട്ട് പോയില്ല. ഇപ്പോൾ വിവിധ കോണുകളിൽ നിന്ന് ആവശ്യം ശക്തമായതോടെയാണ് വീണ്ടും തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചത്.

ആദ്യം നടക്കാനിരിക്കുന്നത് ലോക്സഭ തിരഞ്ഞെടുപ്പ് ആയതിനാൽ അധ്യക്ഷൻമാരുടെ നിയമനം സംബന്ധിച്ച് ദില്ലിയിൽ എംപിമാരുമായി കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കേരളത്തിൽ എത്തി എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയത്. ജില്ലാ തലത്തിൽ മികച്ച നേതാക്കളെ കുറിച്ചാണ് നിർദ്ദേശം തേടിയത്. ഒപ്പം രാഷ്ട്രീയകാര്യ സമിതി നേതാക്കളോടും വിവരങ്ങൾ തേടിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെ വീതം വെയ്പ്പ് നടത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഇത് നേതൃത്വം അംഗീകരിച്ചിട്ടില്ല.
മികവും നേതൃശേഷിയും മാത്രമാണ് പുതിയ നേതാക്കളെ കണ്ടെത്താനുള്ള മാനദണ്ഡം എന്നാണ് നേതൃത്വം വ്യക്തമാക്കിയത്.

അതേസമയം ചർച്ചയിൽ നിരവധി പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.നിലവിൽ തെക്കൻ ജില്ലകളിൽ സമുദായ സമവാക്യം കൂടി പരിഗണിച്ച് അധ്യക്ഷനെ കണ്ടെത്താനാണ് ആലോചിക്കുന്നത്. തലസ്ഥാനത്ത് യുവ നേതാവും മുൻ എംഎൽഎയും കൂടിയായ കെഎസ് ശബരീനാഥിന്റെ പേര് തുടക്കത്തിൽ പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ വിഎസ് ശിവകുമാർ, ശരത്ചന്ദ്ര പ്രസാദ്, മണ്ണക്കാട് സുരേഷ് , പാലോട് രവി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നതെന്നാണ് വിവരം.

കൊല്ലത്ത് ജ്യോതികുമാർ ചാമക്കാലയുടെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്നതാണ് അവിടെ ആവശ്യം.ആലപ്പുഴയിൽ അഞ്ച് പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിൽ ഉള്ളത്. കെപിസിസി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദ്, കെപിസിസി സെക്രട്ടറിമാരായ കെ.പി.ശ്രീകുമാർ, കോശി എം.കോശി, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ എന്നിവർക്കാണ് സാധ്യത. മുന് അരൂർ എംഎൽഎ കൂടിയായ ഷാനിമോൾ ഉസ്മാന്റെ പേരും പരിഗണിച്ചേക്കും.

പത്തനംതിട്ടയിൽ സതീശൻ കൊച്ചുപറമ്പിലിന്റെ പേരിനാണ് മുൻതൂക്കം. നിലവിൽ എ ഗ്രൂപ്പിന്റെ കൈയ്യിലാണ് അധ്യക്ഷ സ്ഥാനം. ഇത്തവണ ഐ ഗ്രൂപ്പിന് നൽകി പഴകുളം മധുവിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന് നിർദ്ദേശവും മറ്റൊരു വിഭാഗം ഉയർത്തുന്നുണ്ട്. എറണാകുളത്ത് മുഹമ്മദ് ഷിയാസിന്റെ പേരാണ് നേരത്തേ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നോട്ട് വെച്ചത്. എന്നാൽ കടുത്ത എതിർപ്പാണ് ഉയർന്നത്. അജയ് തറയിൽ ഡൊമനിക് പ്രസന്റേഷൻ എന്നിവരുടെ പേരുകളാണ് മറ്റൊരു വിഭാഗം നിർദ്ദേശിച്ചത്.

തൃശ്ശൂർ ജോസ് വള്ളൂരിന് വേണ്ടി ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്. മുൻ എംഎൽഎ ടിവി ചന്ദ്രമോഹന്റെ പേരും ചർച്ചയാകുന്നുണ്ട്. കെ കരുണാകരന്റെ ഉറ്റ അനുയായി ആണ് അദ്ദേഹം. വനിത അധ്യക്ഷ എന്ന ചർച്ച ഉയർന്നാൽ പദ്മജ വേണുഗോപാലിന്റഎ പേര് പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.അതേസമയം പാലക്കാട് എവി ഗോപിനാഥിനെ ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കം ശക്തമായി തന്നെ നടക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരമൊരു നീക്കം ശക്തമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാർട്ടി വിടാൻ ഒരുങ്ങിയ ഗോപിനാഥന് അധ്യക്ഷ പദവി വാഗ്ദാനം ചെയ്താണ് നേതൃത്വം പിടിച്ച് നിർത്തിയതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം ഗോപിനാഥനെ അധ്യക്ഷനാക്കാനാക്കാനുള്ള നീക്കത്തിനെതിരെ എംപി വികെ ശ്രീകണ്ഠൻ എതിർപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പരാജയപ്പെടുത്താൻ ശ്രമിച്ചയാളെ നിയമിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ശ്രീകണ്ഠന്റെ നിലപാട്. അങ്ങനെയെങ്കിൽ മുൻ തൃത്താല എംഎൽഎ വിടി ബൽറാമിന് നറുക്ക് വീഴാനുള്ള സാധ്യത തള്ളാനാകില്ല.

മലപ്പുറത്ത് ആര്യാടൻ ഷൗക്കത്താണ് സീറ്റിനായി മുൻനിരയിൽ ഉള്ളത്. എന്നാൽ ഷൗക്കത്തിനെ അധ്യക്ഷനാക്കുന്നതിനോട് ലീഗിന് ഉൾപ്പെടെ താത്പര്യമില്ല.വിഎ കരീം, വി സുധാകരൻ, ബാബുമോഹന കുറപ്പ് എന്നിവയാണ് പരിഗണിക്കുന്ന മറ്റ് പേരുകൾ. വയനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് എം എ ജോസറ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെകെ അബ്രഹാം, ടിജെ ഐസക്, ജനറൽ സെക്രട്ടറിമാരായ ബിനു തോമസ്, സിൽവി തോമസ് എന്നിവരുടെ പേരുകളാണ് ഉയർന്നത്.
കോഴിക്കോട് കെപി അനിൽകുമാർ, എൻ സുബ്രഹ്മണ്യം, പ്രവീൺ കുമാർ, പിഎം നിയാസ് എന്നിവരേയും സജീവമായി പരിഗണിക്കുന്നുണ്ട്. കണ്ണൂരിൽ മാർട്ടിൻ ജോർജിനാണ് മുൻഗണന.

അതേസമയം ഗ്രൂപ്പുകളെ പിണക്കാതെ തിരുമാനം എടുക്കുകയെന്നതാകും നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ പദവികളിലേക്കുള്ള നേതാക്കളുടെ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ഡിസിസികളിൽ പിടിമുറുക്കാനാണ് ഗ്രൂപ്പുകളുടെ നീക്കം. ഇതിനുള്ള ശക്തമായ ചരടുവലികളും നടക്കുന്നുണ്ട്. നിലവിൽ 9 ഡിസിസികൾ എ ഗ്രൂപ്പിനും 5 ജില്ലകൾ ഐ ഗ്രൂപ്പിനുമാണ് ഉള്ളത്. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. ഇരുവരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമാകും കെ സുധാകരൻ ഹൈക്കമാന്റിന് അന്തിമ പട്ടിക കൈമാറിയേക്കുക.












Click it and Unblock the Notifications