മലയാളി യുവാവിന്റെ മൃതദേഹം കാശ്മീരിലെ വനത്തില്‍; തിരിച്ചറിയാന്‍ ബന്ധുക്കള്‍ കാശ്മീരിലേക്ക്
പാലക്കാട്: ജമ്മു കാശ്മീരില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പുല്‍വാമയിലെ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തു ദിവസത്തെ പഴക്കമുണ്ട്. മൃഗങ്ങള്‍ ആക്രമിച്ചതിന്റെ പരിക്കുകള്‍ ശരീരത്തിലുണ്ടെന്നാണ് അവിടുത്തെ പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ കേരളാ പൊലീസ് പാലക്കാട്ടെ യുവാവിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചതെന്നാണ് അനുമാനം. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനായി ബന്ധുക്കളോട് കാശ്മീരിലെ തന്മാര്‍ഗ് സ്റ്റേഷനിലെത്തിച്ചേരാന്‍ കാശ്മീരിലെ പൊലീസ് ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളെ കാശ്മീരില്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവരം അറിഞ്ഞ് വിദേശത്തുള്ള പിതാവും സഹോദരനും നാട്ടിലെത്തി.

ഷാനിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി കാശ്മീരിലെ തന്‍മാര്‍ഗ് സ്റ്റേഷനില്‍നിന്നും കേരള പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്ന് ലഭിച്ച മേല്‍വിലാസത്തില്‍ നിന്നാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കളുമായി ബന്ധപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിനാണ് ഷാനിബ് കാഞ്ഞിരപ്പുഴയിലെ വീട്ടില്‍ നിന്ന് അവസാനമായി പോയത്. ബംഗളൂരുവിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ലഭിച്ചെന്നും അങ്ങോട്ട് പോകുകയാണെന്നുമാണ് മാതാവിനോട് പറഞ്ഞത്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പിന്നീട് കാശ്മീരില്‍ നിന്ന് മരണ വിവരം അറിയിച്ച് ഫോണ്‍ വിളിക്കുകയായിരുന്നു.
അതേസമയം യുവാവ് എങ്ങനെ കാശ്മീരിലെത്തി എന്നതാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. യുവാവിന് ചെറിയ തോതില്‍ മാനസിക പ്രശ്‌നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇതിന് മുന്‍പും ഷാനിബ് വീട്ടുകാരോട് പറയാതെ പോയിട്ടുണ്ട്.
ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മലയാളി യുവാവിനെ കാശ്മീര്‍ വനമേഖലയില്‍ കണ്ടെത്തിയത്. ഇതാണ് ആശങ്ക സൃഷ്ടിക്കുന്നത്.












Click it and Unblock the Notifications