ഏലിയാമ്മയ്ക്ക് പകരം സംസ്കരിച്ചത് മറിയാമ്മയെ!! മൂന്നാം നാൾ കല്ലറ പൊളിച്ച് പുറത്തേക്ക്!!
മറിയാമ്മയുടെയും ഏലിയാമ്മയുടെയും മൃതദേഹങ്ങൾ ചുങ്കത്തറ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏലിയാമ്മയ്ക്ക് പകരം ആശുപത്രി അധികൃതർ നൽകിയത് മറിയാമ്മയുടെ മൃതദേഹമായിരുന്നു.
എടക്കര: മലപ്പുറത്ത് മൃതദേഹം മാറി സംസ്കരിച്ച് ബന്ധുക്കൾ പുലിവാലിലായി. വഴിക്കടവിലാണ് സംഭവം. മുട്ടിക്കടവ് തറയിൽ പുത്തൻവീട്ടിലെ ഏലിയാമ്മയ്ക്ക് പകരം സംസ്കരിച്ചത് വരക്കുളത്തെ പരേതനായ കൊച്ചു പറമ്പിൽ പൗലോസിന്റെ ഭാര്യ മറിയാമ്മയുടെ മൃതദേഹമായിരുന്നു. ഒടുവിൽ മൂന്നാം നാൾ ശവക്കല്ലറ തുറന്ന് പുറത്തെടുത്തു.
മറിയാമ്മയുടെയും ഏലിയാമ്മയുടെയും മൃതദേഹങ്ങൾ ചുങ്കത്തറ സ്വകാര്യ ആ ശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏലിയാമ്മയ്ക്ക് പകരം ആശുപത്രി അധികൃതർ നൽകിയത് മറിയാമ്മയുടെ മൃതദേഹമായിരുന്നു. സംസ്കാര ശുശ്രൂഷകൾക്കിടെ മൃതദേഹം മാറിപ്പോയതായി ചിലർ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും ശ്രദ്ധിച്ചില്ല.

സംശയം തോന്നിയ ചിലർ വീണ്ടും ആശുപത്രിയിലെത്തി മൃതദേഹം കണ്ടതോടെയാണ് മാറി സംസ്കരിച്ച സംഭവം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ നേരിയ സംഘർഷം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ഒടുവിൽ ശവക്കല്ലറ തുറന്ന് മറിയാമ്മയുടെ മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾക്ക് നൽകി. മകൻ വിദേശത്ത് നിന്ന് എത്താനുണ്ടായിരുന്നതിനെ തുടർന്നാണ് മറിയാമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്.
ഏലിയാമ്മയുടെ മൃതദേഹം വിട്ടു കിട്ടിയതോടെ വീണ്ടും സംസ്കാര ചടങ്ങുകൾ നടത്തി. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിൽ വിവരങ്ങൾ അടങ്ങിയ ടാഗ് ആശുപത്രി അധികൃതർ സൂക്ഷിക്കാതിരുന്നതിനെ തുടർന്നാണ് മൃതദേഹങ്ങൾ മാറിയത്.












Click it and Unblock the Notifications