വീപ്പയ്ക്കുള്ളിലെ സ്ത്രീയുടെ അസ്ഥികൂടത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുന്നു! അത് ശകുന്തള തന്നെ
Recommended Video

കൊച്ചി: എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പോലീസിന്റെ ഉറക്കം കെടുത്തിയത് മൂന്ന് മാസത്തോളമാണ്. ഇക്കഴിഞ്ഞ ജനുവരി ആദ്യവാരത്തിലാണ് വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. പഴകി അഴുകിയ മൃതദേഹം തിരിച്ചറിയാന്‍ പോലീസ് അന്ന് മുതല്‍ അന്വേഷണത്തിലായിരുന്നു.
ഒടുവില്‍ വീപ്പയ്ക്കുള്ളിലെ മൃതദേഹവുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിഞ്ഞിരിക്കുന്നു. പോലീസ് നേരത്തെ സംശയിച്ചത് പോലെ തന്നെ ഉദയംപേരൂര്‍ സ്വദേശിയായ കെഎസ് ശകുന്തളയുടേതാണ് ആ മൃതദേഹമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ക്രൂരമായ ആ കൊലപാതകത്തിന് പിന്നിലെ കഥ ഇതാണ്.

വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം
ജനുവരി എട്ടാം തിയ്യതിയാണ് കുമ്പള പൊതുശ്മശാനത്തിന് സമീപത്ത് കോണ്‍ക്രീറ്റ് നിറച്ച നിലയില്‍ വീപ്പ കണ്ടെത്തിയത്. ഇതേക്കുറിച്ച് പല വാര്‍ത്തകളും പരന്നതോടെ പോലീസ് സ്ഥലത്തെത്തി വീപ്പ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും മാംസം അഴുകി അസ്ഥികൂടമായി മാറിയിരുന്നു അപ്പോഴേക്കും ആ മൃതദേഹം.

കോൺക്രീറ്റിട്ട് ഉറപ്പിച്ച നിലയിൽ
കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തവകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ദേഹത്ത് അല്‍പവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരീരത്തില്‍ ഒരു വെള്ളി അരഞ്ഞാണവും മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടുകളും കണ്ടെത്തി.

ശകുന്തളയെ തേടി പോലീസ്
അസാധു നോട്ടുകളായിരുന്നത് കൊണ്ട് കൊലപാതകം ഒരു വര്‍ഷം മുന്‍പ് നടന്നിരിക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തി. തുടര്‍പരിശോധനകളില്‍ മൃതദേഹം സ്ത്രീയുടേതാണ് എന്നുറപ്പിച്ചു. കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഉദയംപേരൂര്‍ സ്വദേശി ശകുന്തളില്‍ പോലീസെത്തിയത്.

സാമ്പത്തിക തർക്കം
ഒന്നരവര്‍ഷം മുന്‍പാണ് ശകുന്തളയെ കാണാതായത്. ഭര്‍ത്താവ് ദാമോദരനുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കളുടെ വീടുകളില്‍ ആയിരുന്നു ശകുന്തളയുടെ താമസം. പിന്നീട് മകളോട് പിണങ്ങി ഒറ്റയ്ക്കായി താമസം. സാമ്പത്തിക തര്‍ക്കമാണ് ശകുന്തളയെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

ലക്ഷക്കണക്കിന് സമ്പാദ്യം
ശകുന്തളയുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപയുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൊലയ്ക്ക് കാരണമായി എന്നുമാണ് പോലീസ് സംശയിക്കുന്നത്. ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ ദിവസത്തിന്റെ പിറ്റേ ദിവസം മകളുടെ സുഹൃത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

മകളുടെ സുഹൃത്തിന്റെ മരണം
ശകുന്തളയുടെ മകളുടെ സുഹൃത്തായ ഏരൂര്‍ സ്വദേശിയുടെ മരണത്തിന് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. ശകുന്തളയുടെ മകനായ പ്രമോദ് അതിനിടെ ആത്മഹത്യ ചെയ്യുകയുണ്ടായി. മകനുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ലഭിച്ച ഇന്‍ഷൂറന്‍സ് തുകയായ 5 ലക്ഷം ശകുന്തളയുടെ കയ്യിലുണ്ടായിരുന്നു.

കയ്യിൽ ലക്ഷങ്ങൾ
അത് മാത്രമല്ല, സ്ഥലം വിറ്റുകിട്ടിയ ലക്ഷങ്ങളും ശകുന്തളയുടെ കയ്യിലുണ്ടായിരുന്നു. ഇത്രയും പണം ശകുന്തളയുടെ കയ്യിലുണ്ടായിരുന്നു എന്നതാണ് കൊലയ്ക്ക് കാരണം സാമ്പത്തിക തര്‍ക്കങ്ങളാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരാന്‍ കാരണം.

ശകുന്തളയെന്ന് ഉറപ്പിക്കാൻ
മൃതദേഹം ശകുന്തളയുടേതാണ് എന്നുറപ്പിക്കുന്നതിന് പോലീസിന് മുന്നില്‍ അനുകൂല ഘടകങ്ങളും അതേസമയം സംശയങ്ങളുമുണ്ടായിരുന്നു. കാലില്‍ ശസ്ത്രക്രിയ നടത്തിയവരില്‍ ഉപയോഗിക്കുന്ന മാളിയോലര്‍ സ്‌ക്രൂ ആണ് അതിലൊന്ന്. ഈ സ്‌ക്രൂ മൃതദേഹത്തിന്റെ കാലില്‍ കണ്ടെത്തിയിരുന്നു.

കാലിലെ സ്ക്രൂ
കേരളത്തിലാകെ ഈ ശസ്ത്രക്രിയ നടത്തിയവര്‍ 6 പേരാണുള്ളത്. ശകുന്തള ഈ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. അതുമല്ല 6 പേരില്‍ 5 പേര്‍ ജീവിച്ചിരിക്കുന്നുമുണ്ട്. അസ്ഥികൂടത്തിന് 153 സെമി ആയിരുന്നു ഉയരും. ഇതേ ഉയരം തന്നെ ആയിരുന്നു മൃതദേഹത്തിനും.

പ്രായം കുഴപ്പത്തിലാക്കി
അതേസമയം അസ്ഥികൂടത്തിന്റെ പ്രായം 30 ആകാം എന്ന കണ്ടെത്തല്‍ പോലീസിനെ കുഴക്കി. കാരണം ശകുന്തളയ്ക്ക് അറുപതിനടുത്താണ് പ്രായം. ശകുന്തളയുടെയും മകളുടേയും ഡിഎന്‍എ പരിശോധനയടക്കം നടത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞിരിക്കുന്നത്. നാളുകള്‍ നീണ്ട ദുരൂഹതയ്ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.












Click it and Unblock the Notifications