കൊറോണവൈറസ്: ദോഹ- കൊച്ചി വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു, കളക്ടരുടെ മുന്നറിയിപ്പ്
കൊച്ചി: കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഫെബ്രുവരി 29ന് കൊച്ചിയിലെത്തിയ ദോഹ- കൊച്ചി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ 182 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയെന്ന് അറിയിച്ച ജില്ലാ കളക്ടര്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങള്‍ അതാതു ജില്ലകള്‍ക്ക് കൈമാറിയെന്നും അറിയിച്ചു.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹതര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഞായറാഴ്ച പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. അതേസമയം വിമാനത്താവളത്തിലെ ജോലിക്കാരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണം അനുഭവപ്പെട്ടാല്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്. 29ന് രാവിലെ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കും കളക്ടര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന പക്ഷം ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്നുപേരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

പത്തനംതിട്ട ജില്ലയിലെ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ഞായറാഴ്ചയാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ വെനീസ്- ദോഹ ക്യൂ ആര്‍ 126 വിമാനത്തില്‍ ഫെബ്രുവരി 29ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മൂന്നുപേരും പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളാണ്. ഇവരുടെ ബന്ധുക്കളായ രണ്ടും പേര്‍ക്കും പരീശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇറ്റലിയില്‍ നിന്നെത്തിയ പ്രവാസി കുടുംബം അടുത്തിടെ ചില ബന്ധുവീടുകള്‍ സന്ദര്‍ശിച്ചിരുന്നു. കോട്ടയം പത്തനംതിട്ട ജില്ലകളിലായി ഇവര്‍ സന്ദര്‍ശിച്ച വീടുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവരോട് പരിശോധനകള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹാജരാകാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ രോഗലക്ഷണങ്ങളില്ലാത്തവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാനാണ് ആവശ്യപ്പെടുക. ഏഴ് പേരുള്‍പ്പെട്ട സംഘം രൂപീകരിച്ച പത്തനംതിട്ട ജില്ലാ കളക്ടര്‍ ഇവരോട് രോഗികളുമായി കഴിഞ്ഞ ആറ് ദിവസത്തിനിടെ ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ പൊതു പരിപാടികളും ഈ സാഹചര്യത്തില്‍ റദ്ദാക്കിയിട്ടുണ്ട്. കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 39ലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications