വീട്ടമ്മ കാറിടിച്ചു മരിച്ചത് കൊലപാതമെന്ന് സംശയം
കരുനാഗപ്പള്ളി: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് സംശയം. കുലശേഖരപുരം നീലികുളം വയ്യാവീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഷീല(55)യുടെ മരണമാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അപകടത്തിനിടയായ വാഹനവും സാഹചര്യത്തെളിവുകളും കൊലപാതകമാണെന്ന് ഉറപ്പിക്കുന്നതായി പോലീസ് പറയുന്നു.
കഴിഞ്ഞദിവസമാണ് ഷീല അപകടത്തില്‍ മരിക്കുന്നത്. കാര്‍ പിറകില്‍ നിന്നും വന്നിടിക്കുകയും തെറിച്ചുവീണ ഷീലയുടെ തലയ്ക്കു മുകളിലൂടെ വാഹനം കയറ്റിയശേഷം നിര്‍ത്താതെ പോവുകയുമായിരുന്നു. സംഭവത്തില്‍ ഷീലയുടെ മകന്‍ അനീഷ് ഗുരുതരമായ പരിക്കുകളോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷീലയുടെ അയല്‍വാസിയായ അനില്‍കുമാര്‍ ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് വിവരം. അനില്‍കുമാറിന്റെ ഭാര്യ നേരത്തെ ഗള്‍ഫില്‍വെച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണക്കാരന്‍ ഷീലയുടെ മറ്റൊരു മകനായ അരുണ്‍കുമാര്‍ ആണെന്നാണ് ആരോപണം. അനില്‍കുമാറിന്റെ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
അടുത്തിടെ ബാംഗ്ലൂരില്‍വെച്ച് അരുണ്‍കുമാറിനും വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതും കൊലപാതകശ്രമത്തിന്റെ ഭാഗമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അനില്‍കുമാറും ബന്ധുക്കളുമാണ് ഷീലയെ ഇടിച്ച വാഹനത്തിനകത്തുണ്ടായിരുന്നതെന്നാണ് പോലീസ് നിഗമനം. ഇവര്‍ ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications