വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയുടെ മരണം; 6 പ്രതികൾ അറസ്റ്റിൽ,എസ്എഫ്ഐ നേതാക്കളടക്കം 12 പേർ ഒളിവിൽ
കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിൽ. ബുധനാഴ്ച ഉച്ചയോടെ ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ ഇപ്പോഴും ഒളിവിലാണ്.
ബിൽഗേറ്റ് ജോഷ്വാ, എസ് അഭിഷേക്, എസ് ഡി ആകാശ്, ഡോൺസ് ഡായി, ഹൻ ബിനോയ്, ആർ ഡി ശ്രീഹരി എന്നിവരാണ് അറസ്റ്റിലായവർ. യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, ഭാരവാഹി എന്‍ ആസിഫ് ഖാന്‍ (20), എസ്എഫ്ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (20), കെ അഖില്‍ (23), ആര്‍ എസ് കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ അജയ് (20), ഇകെസൗദ് റിസാല്‍ (22), എ. അല്‍ത്താഫ് (22), വി ആദിത്യന്‍ (22), എം മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. ഇവരിൽ നാല് പേർ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ സസ്പെന്റ് ചെയ്യപ്പെട്ടവരല്ല ഇന്ന് അറസ്റ്റിലായത്.

അതേസമയം കേസിൽ പ്രതിപട്ടിക നീളുമെന്നും ഒളിവിലുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെയാണു പിടികൂടാനുള്ളത്. എന്നാൽ പോലീസിന്റേയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടേയും അറിവോടെയാണ് പ്രതികൾ ഒഴിവിൽ കഴിയുന്നതെന്ന ആരോപണം ശക്തമാണ്.
ബി വി എസ് സി രണ്ടാം വർഷ വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കമാണ് സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ കലാശിച്ചത് എന്നാണ് ആരോപണം. സിദ്ധാർത്ഥന് ക്രൂരമർദ്ദനം ഏറ്റിരുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്.
വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർത്ഥ് നൃത്തം ചെയ്തതിനാണത്രേ മർദ്ദനം നേരിട്ടത്. നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കേ വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ട് അടിച്ചുവെന്നാണു സിദ്ധാർഥന്റെ അമ്മ ആരോപിക്കുന്നത്. സിദ്ധാർത്ഥനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.












Click it and Unblock the Notifications