'യെച്ചൂരിയുടെ നിര്യാണം സിപിഎമ്മിന് മാത്രമല്ല രാജ്യത്തിന് തന്നെ കനത്ത നഷ്ടം'; കൊടുക്കുന്നിൽ സുരേഷ്
സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഎമ്മിന് മാത്രമല്ല രാഷ്ട്രത്തിന് തന്നെ കനത്ത നഷ്ടമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റിലെ കോൺഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എം പി. ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്ന നേതാവാണ് യെച്ചൂരി .അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും നിലപാടുകളും രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയെന്നും കൊടിക്കുന്നിൽ സുരേഷ് വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്ത ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്ന നേതാവാണ് സീതാറാം യെച്ചൂരി. വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ മികച്ച പ്രവർത്തനത്തിലൂടെ സി പി എമ്മിന്‌റെ അഖിലേന്ത്യ സെക്രട്ടറിയായി മാറിയ അദ്ദേഹം ഒരു മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്നു. സംഘടന രംഗത്ത് എസ് എഫ് ഐയെ ദേശവ്യാപകമായികെട്ടിപടുക്കാൻ വേണ്ടി പ്രവർത്തിച്ച അദ്ദേഹം സിപിഎമ്മിന് വേണ്ടി ത്യാഗോജ്വലമായ പ്രവർത്തനമാണ് കാഴ്ച വെച്ചത്.

എളിമയുടേയും വിനയത്തിന്റേയും പ്രതീകം കൂടിയായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ സംസാരശൈലിയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളോടുള്ള അടുപ്പവും ബന്ധവുമെല്ലാം ഒരിക്കലും രാഷ്ട്രീയമായി അദ്ദേഹം കൂട്ടിക്കുഴച്ചിട്ടില്ല. എല്ലാ അർത്ഥത്തിലും മാതൃകയായ പൊതുപ്രവർത്തകനും രാൽഷ്ട്രീയ പ്രവർത്തകനുമായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തൊഴിലാളി വർഗത്തിന് അതോടൊപ്പം തന്നെ ജനാധിപത്യ മതേതര ശക്തികൾക്ക് ഒരിക്കലും നികത്താനാകാത്ത വിടവാണ്.
വ്യക്തിപരമായി യെച്ചൂരിയുമായി അടുത്ത് പരിചയപ്പെടാനും പ്രവർത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹവുമായി നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. പാർലമെന്റിൽ നിരവധി കമ്മിറ്റികളിൽ അദ്ദേഹത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ എല്ലാതരത്തിലും ഞങ്ങളോട് ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ട വ്യക്തിത്വം പുലർത്തിയിരുന്ന നേതാവാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും വിവിധ വിഷയങ്ങളിലുള്ള നിലപാടുകളും രാഷ്ട്രീയ നേതാക്കൾക്കുള്ള മാതൃകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ കടന്ന് വന്ന നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ സീതാറാം യെച്ചൂരി വ്യത്യസ്തനായ നേതാവായിരുന്നു', കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് യെച്ചൂരിയുടെ വിയോഗം. മൃതദേഹം ഇന്ന് എയിംസില്‍ സൂക്ഷിക്കും. 14 ന് വൈകീട്ട് 3 ന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം ഭൗതിക ശരീരം എയിംസിന് വിട്ട് നൽകും.












Click it and Unblock the Notifications