അവളെയും കൊന്ന് ചേറില്‍ താഴ്ത്തണം!സദാചാര ഗുണ്ടായിസത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി...
സദാചാര ഗുണ്ടായിസത്തില്‍ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അനീഷ് ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.
കൊല്ലം: കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ വധഭീഷണി. സംഭവത്തിന് പിന്നില്‍ കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് സംശയിക്കുന്നത്. പെണ്‍കുട്ടിയെ ഇല്ലാതാക്കണമെന്ന തരത്തില്‍ ചിലര്‍ സംസാരിക്കുന്നത് പെണ്‍കുട്ടിയുടെ പിതാവ് കേട്ടെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി 14 പ്രണയദിനത്തിലാണ് കൊല്ലം അഴീക്കല്‍ ബീച്ചിലെത്തിയ യുവതിയെയും യുവാക്കളെയും ഒരു സംഘമാളുകള്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പ്രാഥമികകൃത്യത്തിന് പോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നാണ് പരാതി നല്‍കിയിരുന്നത്. സദാചാര ഗുണ്ടായിസത്തില്‍ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അനീഷ് ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. സദാചാര ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതിന്റെ അപമാനം സഹിക്കവയ്യാതെ മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്തത്.

കൊന്നു ചേറില്‍ താഴ്ത്തുമെന്ന്...
ഒരുത്തന്‍ ചത്തു ഇനി അവനെ തേടി പോകേണ്ട കാര്യമില്ല, അവന്മാര്‍ പുറത്തിറങ്ങുമ്പോള്‍ ഇവളെക്കൂടി കൊന്ന് ചേറില്‍ താഴ്ത്തണമെന്ന് ചിലര്‍ പറയുന്നതാണ് പെണ്‍കുട്ടിയുടെ പിതാവ് കേട്ടത്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ സുഹൃത്തുക്കളാണ് ഇവരെന്നാണ് സംശയിക്കുന്നത്. പെണ്‍കുട്ടിയെ ഇല്ലാതാക്കിയാല്‍ കേസിലെ തെളിവുകള്‍ ഇല്ലാതാക്കാമെന്നും ഇവര്‍ പറഞ്ഞതായും ആരോപണമുണ്ട്.

കേസുമായി മുന്നോട്ട് പോകും...
സംഭവത്തില്‍ ശൂരനാട് പോലീസിന് പരാതി നല്‍കുമെന്ന് പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അഴീക്കല്‍ ബീച്ചിലെ ദൃശ്യങ്ങളുടെ പേരില്‍ ഇപ്പോഴും ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതായും പെണ്‍കുട്ടി ആരോപിച്ചു. എന്തുവില കൊടുത്തും നീതി ലഭിക്കുന്നത് വരെ കേസുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടി പറഞ്ഞു.

പ്രണയ ദിനത്തില്‍...
ഫെബ്രുവരി 14 പ്രണയദിനത്തില്‍ കൊല്ലം അഴീക്കല്‍ ബീച്ചിലെത്തിയ പെണ്‍കുട്ടിയെയും സുഹൃത്തായ പാലക്കാട് സ്വദേശി അനീഷിനെയുമാണ് ഒരു സംഘം അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പ്രാഥമികകൃത്യത്തിന് പോയ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി അപമാനിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

പ്രതികള്‍ അറസ്റ്റില്‍...
ബീച്ചില്‍ നിന്നും സദാചാര ഗുണ്ടകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പെണ്‍കുട്ടിയുടെയും യുവാവിന്റെയും ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാനായിരുന്നില്ല.

അപമാനം സഹിക്കാനാവാതെ...
അഴീക്കലിലെ സദാചാര ഗുണ്ടായിസത്തിന് ഇരയായ പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷ് എന്ന യുവാവ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്. പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതില്‍ മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.












Click it and Unblock the Notifications