വി മുരളീധരന് വധഭീഷണി; സന്ദേശം എത്തിയത് കോഴിക്കോട് കമ്മീഷണര്‍ക്ക്... മുരളീധരനെ ഇല്ലാതാക്കുമെന്ന്
കോഴിക്കോട്: കേന്ദ്ര മന്ത്രി വി മുരളീധരന് വധഭീഷണി. വി മുരളീധരനെ ഇല്ലാതാക്കും എന്നായിരുന്നു ഫോണ്‍ സന്ദേശം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം കിട്ടിയത്.
സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ ഇന്‍സ്പെക്ടര്‍ ആയ ബാദലിന്റെ ഫോണില്‍ നിന്നാണ് ഇത്തരം ഒരു സന്ദേശം എത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് സ്വദേശിയാണ് ബാദല്‍. ഇദ്ദേഹത്തിന് സിം കാര്‍ഡ് എടുത്ത് നല്‍കിയത് തിരുവനന്തപുരം സ്വദേശി ആയിരുന്നു. ഇയാളേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു കോഴിക്കോട് സിറ്റി കമ്മീഷണര്‍ എവി ജോര്‍ജ്ജിന്റെ ഫോണിലേക്ക് സന്ദേശം എത്തിയത്. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
വി മുരളീധരന് കേരളത്തിലെത്തുമ്പോള്‍ സുരക്ഷ ശക്തമാക്കണം എന്ന് കേന്ദ്ര ഇന്റലിജന്‍സും കേരളത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ഏക മന്ത്രിയാണ് വി മുരളീധരന്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ആയിരുന്നു വി മുരളീധരന്.