അനില്‍ അക്കരയുടെ വധഭീഷണി... 'പതിനാറിനുള്ളില്‍ തീര്‍ത്തുകളയും'; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതി
തൃശൂര്‍: വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയ്‌ക്കെതിരെ ഗുരുതര ആരോപണവും പരാതിയും. വധിയ്ക്കുമെന്ന് അനില്‍ അക്കര പരസ്യമായി ഭീഷണി മുഴക്കി എന്നാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്.
കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ തന്നെയാണ് വധഭീഷണിയില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അനില്‍ അക്കരയ്ക്ക് ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്നും തനിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം എന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങള്‍...

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
അടാട്ട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ സത്യന്‍ ആണ് പരാതിക്കാരന്‍. വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 10 ന് ആണ് അനില്‍ അക്കര തനിക്കെതിരെ വധഭീഷണി മുഴക്കിയത് എന്ന് ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയില്‍ സത്യന്‍ വിശദീകരിക്കുന്നു.

'പതിനാറിനുള്ളില്‍ തീര്‍ത്തുകളയും'
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന പതിനാറാം തിയ്യതിക്കുള്ളില്‍ തീര്‍ത്തുകളയും എന്നാണ് അനില്‍ അക്കര ഭീഷണിപ്പെടുത്തിയത് എന്നാണ് സത്യന്‍ പറയുന്നത്. പുറനാട്ടുകരയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസില്‍ വച്ച് പരസ്യമായിട്ടായിരുന്നു അനില്‍ അക്കരയുടെ വധഭീഷണി എന്നും സത്യന്‍ പരാതിയില്‍ പറയുന്നുണ്ട്.

കൈയ്യും കാലും വെട്ടും
വധഭീഷണി മാത്രമല്ല, കൈയ്യും കാലും വെട്ടുമെന്നും അനില്‍ അക്കര പറഞ്ഞുവെന്ന് സത്യന്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിനോദ് കുമാറിന് നേര്‍ക്കും അനില്‍ അക്കര ഭീഷണി മുഴക്കിയിട്ടുണ്ട് എന്ന് പരാതിയില്‍ പറയുന്നുണ്ട്. എന്തായാലും വിഷയത്തില്‍ എംഎല്‍എയുടെ പ്രതികരണം വന്നിട്ടില്ല.

നാട്ടുകാര്‍ പിടിച്ചുമാറ്റി
തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം എന്ന് സത്യന്‍ വിശദമാക്കുന്നു. അനില്‍ അക്കര ഭീഷണി തുടര്‍ന്നപ്പോള്‍ അടുത്തുണ്ടായിരുന്ന പത്തോളം പേര്‍ ഓടിക്കൂടി പിടിച്ചുമാറ്റുകയാണ് ഉണ്ടായത് എന്നും സത്യന്‍ പറയുന്നു.

ഗുണ്ടകളുടെ സ്വാധീനം
അനില്‍ അക്കരയ്ക്ക് നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ അടുത്ത വലിയ സ്വാധീനമുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. അതുകൊണ്ട് തനിക്കും വിനോദ് കുമാറിനും പോലീസ് സംരക്ഷണം നല്‍കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പരാതി സ്വീകരിച്ചു
ജില്ലാ പോലീസ് മേധാവിയ്ക്കും പേരാമംഗലം പോലീസ് സ്‌റ്റേഷനിലും ആണ് സത്യന്‍ പരാതി നല്‍കിയിട്ടുള്ളത്. പോലീസ് പരാതി സ്വീകരിച്ചിട്ടുണ്ട്. സ്ഥലം എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെ പരാതി നല്‍കിയത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് അനില്‍ അക്കര ഭീഷണിപ്പെടുത്തിയത് എന്നാണ് സത്യന്‍ പറയുന്നത്.












Click it and Unblock the Notifications