ലോകം 5 വര്‍ഷം കൊണ്ട് ഇല്ലാതാവണതല്ല, സുബീഷിന്റെ മൊഴിരേഖപ്പെടുത്തിയവര്‍ക്ക് ഭീഷണി
തലശേരി ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
കണ്ണൂര്‍ : തലശേരി ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഭീഷണിക്ക് പിന്നില്‍.
സുബീഷിന്റെ മൊഴി രേഖപ്പെടുത്തിയ ഡിവൈഎസ്പിമാരായ പ്രിന്‍സ് എബ്രഹാം, പി. സദാനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് ഭീഷണി പ്രചരിപ്പിച്ച 20 ഫേസ്ബുക്ക് ഐഡികള്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാസെക്രട്ടറി ലസിത പാലക്കല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അമ്പാടിമുക്ക് കണ്ണൂര്‍ എന്ന് പേരുള്ള ഐഡിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പിന്നില്‍ ആര്
എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വധിച്ച കേസില്‍ സിപിഎമ്മിന് പങ്കില്ലെന്നും താനുള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ വധിച്ചതെന്നുമാണ് സുബീഷിന്റെ കുറ്റസമ്മതം. കേസില്‍ സിപിഎം നേതാക്കളായ കാരായിമാര്‍ കുറ്റക്കാരല്ലെന്നും സുബീഷ് കുറ്റസമ്മതം നടത്തിയിരുന്നു.പടുവിയല്‍ മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് സുബീഷ് കുറ്റസമ്മതം നടത്തിയത്. സുബീഷിന്റെ മൊഴിയും വീഡിയൊയും പോലീസ് മുഖ്യമന്ത്രിക്ക് കൈമാറി.

ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം
ഡിവൈഎസ്പിമാരായ പ്രിന്‍സ് എബ്രഹാമും പി. സച്ചിദാനന്ദനും സുബീഷിനെ ക്രൂരമായി മര്‍ദിച്ചാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നതെന്നാണ് ബിജെപി പറയുന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും ബിജെപി വ്യക്തമാക്കുന്നു.

ക്രൂരമര്‍ദനത്തിന് തെളിവ്
സുബീഷിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് വിധേയനാക്കിയതിന്റെ തെളിവുണ്ടെന്നാണ് ബിജെപി പറയുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുബീഷിനെ നടക്കാന്‍ വയ്യാത്തതിനാല്‍ പോലീസ് തൂക്കി എടുത്താണ് കൊണ്ടു വന്നിരുന്നതെന്നും ക്രൂരമര്‍ദനം നടന്നതു കൊണ്ടാണ് സുബീഷിന് നില്‍ക്കാന്‍ പോലും കഴിയാതിരുന്നതെന്നും ബിജെപി പറയുന്നു. ഇത് കാണിച്ച് ബിജെപി പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട് .
20 ഓളം പേര്‍ക്കെതിരെ കേസ്
രൂക്ഷമായ ഭാഷയില്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണി. ലോകം അഞ്ച് വര്‍ഷം കൊണ്ട് അവസാനിക്കുന്നതല്ലെന്നും ഭീഷണിയില്‍ പറയുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് 20 പേര്‍ക്കെതിരെ കേസെടുത്തത്.

പുതിയ വഴിത്തിരിവ്
വിവാദമായതിനെ തുടര്‍ന്ന് സിബിഐ അന്വേഷിച്ച കേസാണ് ഫസല്‍ വധക്കേസ്. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് കേസിലെ പ്രതികളെന്ന് സിബിഐ കണ്ടെത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിബിഐയുടെ കണ്ടെത്തല്‍ തെറ്റാണെന്നാണ് പോലീസ് പറയുന്നത്.

ഫസല്‍വധം ചൂടുപിടിക്കുന്നു
ഇതിനിടെ സിപിഎം പ്രേരണ കൊണ്ടാണ് ഇത്തരത്തിലൊരു മൊഴിനല്‍കിയിരിക്കുന്നതെന്ന് പറയാനാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സുബീഷിനെ ജയിലിലെത്തി കണ്ടെന്നും ആരോപണമുണ്ട്. സിപിഎമ്മാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications